സ്വർണം വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഹോൾമാർക്ക് ഫീസ് കൂട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും വർദ്ധിച്ചു. ഗ്രാമിന് 25 രൂപ കൂടി 14,065 രൂപയിലെത്തി. ഇതോടെ പവന് ഇന്നത്തെ വിപണി വില 1,12,520 രൂപയാണ്. പവന് 200 രൂപയാണ് ഇന്ന് കൂടിയത്.
ഇതിനിടെ സ്വർണാഭരണങ്ങളുടെ പരിശുദ്ധി ഉറപ്പാക്കുന്ന എച്ച്‌യുഐഡി മുദ്ര പതിപ്പിക്കുന്നതിനുള്ള നിരക്കും കേന്ദ്രസർക്കാർ വർദ്ധിപ്പിച്ചു. കേന്ദ്രത്തിന് കീഴിലുള്ള ബ്യൂറോ ഒഫ് ഇന്ത്യൻ സ്റ്റാൻഡേർഡിന്റേതാണ് (ബിഐഎസ്) നടപടി. നിലവിലെ 45 രൂപയിൽ നിന്ന് 30 രൂപ കൂടി 75 രൂപയായാണ് വർദ്ധിച്ചിരിക്കുന്നത്. ഇതോടെ ആഭരണം വാങ്ങുമ്പോൾ 18 ശതമാനം നികുതി ഉൾപ്പെടെ 88.5 രൂപ അധികമായി നൽകേണ്ടി വരും. സെപ്തംബർ 14 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നു.
പുതുക്കിയ വില പ്രകാരം കേരളത്തിൽ ഇന്ന് ഒരു പവൻ സ്വർണം വാങ്ങാൻ 1,27,500 രൂപ നൽകേണ്ടതായി വന്നേക്കാം. പത്ത് ശതമാനം പണിക്കൂലിയും മൂന്ന് ശതമാനം നികുതിയും ഹോൾമാർക്ക് ചാർജും ചേർത്തുള്ള വിലയാണിത്. ആഭരണത്തിന്റെ ഡിസൈൻ അനുസരിച്ച് പണിക്കൂലിയിൽ മാറ്റമുണ്ടാകും.
ഇന്നലെ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 30 രൂപ കൂടി 14,040 രൂപയിലെത്തിയിരുന്നു. പവന് 240 രൂപ കൂടി 1,12,320 രൂപയായിരുന്നു ഇന്നലത്തെ വിപണി വില. വെള്ളിവിലയിലും ഇന്നലെ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഒരു ഗ്രാമിന് 245 രൂപയായിരുന്നു ഇന്നലത്തെ വിപണിവില. 10 ഗ്രാമിന് 2,450 രൂപയായിരുന്നു ഇന്നലെ രേഖപ്പെടുത്തിയത്




