അംഗബലം കുറവ്; തലസ്ഥാന നഗരത്തിലെ പൊലീസ് പ്രവർത്തനം താളംതെറ്റുന്നു, സ്റ്റേഷനുകളിൽ മാത്രം 100ലേറെ ഒഴിവുകൾ

തിരുവനന്തപുരം നഗരത്തിലെ പൊലീസ് സേനയിൽ അംഗബലം കുറയുന്നത് ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുന്നതായി റിപ്പോർട്ട്. രാത്രി പട്രോളിങ്ങിനും പ്രധാന കേന്ദ്രങ്ങളിലെ പരിശോധനകൾക്കും ആവശ്യത്തിന് പൊലീസുകാരില്ലാത്ത സ്ഥിതിയാണ്. അമിത ജോലിഭാരം, തുടർച്ചയായ ഡ്യൂട്ടി, മതിയായ വിശ്രമമില്ലായ്മ എന്നിവ നിലവിലുള്ള സേനാംഗങ്ങളെ കടുത്ത സമ്മർദത്തിലാക്കുന്നതായും ചൂണ്ടിക്കാട്ടുന്നു.
ഓപ്പറേഷൻ തൂഫാൻ, മൈ പൊലീസ് സ്റ്റേഷൻ ഉൾപ്പെടെ വിവിധ പദ്ധതികൾ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇവ നടപ്പാക്കാൻ ആവശ്യമായത്ര പൊലീസുകാരുണ്ടോ എന്നത് പരിശോധിക്കപ്പെടുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
നഗരത്തിലെ പ്രധാന പൊലീസ് സ്റ്റേഷനുകളിൽ തന്നെ നിരവധി ഒഴിവുകളാണുള്ളത്. മ്യൂസിയം സ്റ്റേഷനിൽ 12 ഒഴിവുകളും, ക്രിമിനൽ കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന ഫോർട്ട് സ്റ്റേഷനിൽ 25 ഒഴിവുകളും നിലവിലുണ്ട്. സെക്രട്ടേറിയറ്റ് ഉൾപ്പെടുന്ന കന്റോൺമെന്റ് സ്റ്റേഷനിൽ 16 ഒഴിവുകളും, റെയിൽവേ സ്റ്റേഷനും ബസ് സ്റ്റാൻഡും ഉൾപ്പെടുന്ന തമ്പാനൂർ സ്റ്റേഷനിൽ 20 ഒഴിവുകളും റിപ്പോർട്ട് ചെയ്യപ്പെടുന്നു.
സ്റ്റേഷൻ ഡ്യൂട്ടിക്ക് പുറമെ കേസ് അന്വേഷണം, രാത്രി പട്രോളിങ്, കോടതി ഡ്യൂട്ടി, വിവിധ സുരക്ഷാ ചുമതലകൾ എന്നിവയും നിലവിലുള്ള പൊലീസുകാർ തന്നെ ഏറ്റെടുക്കേണ്ട സ്ഥിതിയാണ്. ഇതോടെ ഓരോ ഉദ്യോഗസ്ഥന്റെയും ജോലിഭാരം വർധിക്കുകയാണ്.
പ്രധാന കേന്ദ്രങ്ങളിലും പരിശോധനയ്ക്ക് ആളില്ല
ഒരു മാസം മുൻപ് നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിൽ ആവശ്യമായ പൊലീസ് പരിശോധന നടക്കുന്നില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ പരിശോധനയ്ക്കും പട്രോളിങ്ങിനും ആവശ്യമായ അംഗബലം കണ്ടെത്താൻ ഇപ്പോഴും കഴിയാത്ത അവസ്ഥയാണെന്നാണ് വിവരം.
മുഖ്യമന്ത്രി, മന്ത്രിമാർ, ഗവർണർ തുടങ്ങിയവരുടെ ഔദ്യോഗിക പരിപാടികളിലും യാത്രകളിലും സുരക്ഷ ഒരുക്കുന്നതിനും വലിയൊരു വിഭാഗം പൊലീസുകാരെ നിയോഗിക്കേണ്ടി വരുന്നു. ഇതോടെ സ്റ്റേഷനുകളിലും പട്രോളിങ് സംഘങ്ങളിലും അംഗബലം വീണ്ടും കുറയുന്നു.
രാത്രി ഡ്യൂട്ടിക്ക് പിന്നാലെ വീണ്ടും ജോലി
രാത്രി ഡ്യൂട്ടി പൂർത്തിയാക്കിയതിന് പിന്നാലെ വീണ്ടും ജോലിക്കെത്തേണ്ട സാഹചര്യം പല പൊലീസുകാർക്കും നേരിടേണ്ടി വരുന്നതായും പറയുന്നു. ഉറക്കക്കുറവും ക്ഷീണവും പതിവാകുന്നതിനിടെയാണ് പുതിയ പദ്ധതികളും അധിക ചുമതലകളും എത്തുന്നത്.
വനിതാ പൊലീസുകാരുടെയും സ്ഥിതി വ്യത്യസ്തമല്ല. സ്റ്റേഷൻ ഡ്യൂട്ടിക്ക് പുറമെ സുരക്ഷാ ചുമതലകൾക്കും പട്രോളിങ്ങിനും ഇവരെയും നിയോഗിക്കേണ്ടി വരുന്നു.
ഒഴിവുകൾ നികത്താതെ പുതിയ പദ്ധതികളും അധിക ചുമതലകളും മാത്രം പ്രഖ്യാപിച്ചാൽ അവ കാര്യക്ഷമമായി നടപ്പാക്കാൻ കഴിയില്ലെന്ന ആശങ്ക സേനയ്ക്കുള്ളിൽ തന്നെ ശക്തമാണ്. അംഗബലം വർധിപ്പിച്ച് ജോലിഭാരം കുറയ്ക്കണമെന്ന ആവശ്യം ഇതോടെ വീണ്ടും ഉയരുകയാണ്.




