ചിന്ത ജെറോമിന്റെ പിഎച്ച്ഡി വിവാദം; പ്രബന്ധം പരിശോധിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ച് കേരള സർവകലാശാല

തിരുവനന്തപുരം: ചിന്ത ജെറോമിൻ്റെ പിഎച്ച്ഡി ബിരുദവുമായി ബന്ധപ്പെട്ട പ്രബന്ധം പരിശോധിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ച് കേരള സർവ്വകലാശാല. നാലംഗ ഉപസമിതിയെ ആണ് നിയോഗിച്ചിരിക്കുന്നത്. ഇന്ന് ചേർന്ന് സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിലാണ് തീരുമാനമായത്. സിൻഡിക്കേറ്റ് യോഗത്തിൽ ഇടതുപക്ഷം ശക്തമായി എതിർത്തിരുന്നു.
നവ ലിബറൽ കാലഘട്ടത്തിലെ മലയാള കച്ചവടസിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറയായിരുന്നു ചിന്തയുടെ പ്രബന്ധ വിഷയം. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വിഭാവനം ചെയ്ത ജാതിരഹിത കാഴ്ചപ്പാടില്‍ വെള്ളം ചേര്‍ക്കുന്നതാണ് പ്രിയദര്‍ശന്‍റെയും രഞ്ജിത്തിന്‍റെയും സിനിമകളെന്നൊക്കെ പറഞ്ഞ് വരുന്നതിനിടെയാണ് വാഴക്കുല എന്ന കവിതയിലേക്ക് എത്തുന്നത്. വാഴക്കുല ബൈ വൈലോപ്പിള്ളിയെന്ന് ഒരു ചിന്തയുമില്ലാതെ ഡോ. ചിന്താ ജെറോം ഗവേഷണ പ്രബന്ധത്തിലെഴുതി. പിന്നാലെ ബോധി കോമൺസ് എന്ന വെബ്‍സൈറ്റിലെ ലേഖനം കോപ്പിയടിച്ചാണ് പ്രബന്ധം തയ്യാറാക്കിയതെന്ന ആക്ഷേപവും ഉയർന്നു.
ബോധി കോമൺസ് എന്ന വെബ്‍സൈറ്റിൽ മലയാള സിനിമയെ കുറിച്ചുള്ള ദ് മൈൻഡ് സ്പേസ് ഓഫ് മെയിൻസ്ട്രീം മലയാള സിനിമ എന്ന ലേഖനം കോപ്പിയടിച്ചെന്നാണ് പരാതി. പ്രിയദർശന്റെയും രഞ്ജിത്തിന്റെയും സിനിമകളെ നിശിതമായി വിമർശിച്ചിക്കുന്നതാണ് ലേഖനം.
സമാന ആശയവും വരികളുമാണ്, നവലിബറൽ കാലത്തെ മലയാള കച്ചവട സിനിമയുടെ പ്രത്യയ ശാസ്ത്ര അടിത്തറ എന്ന ചിന്തയുടെ ഗവേഷണ പ്രബന്ധത്തിലും ഉള്ളതെന്നാണ് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിയുടെ പരാതിയിൽ പറയുന്നത്. ആര്യൻ സിനിമ പറയുന്നതിടത്താണ് വാഴക്കുല പരാമർശവുമുളളത്. എന്നാൽ ആര്യനിൽ മോഹലാലിൻറെ കഥാപാത്രം കൃത്യമായി വാഴക്കുലയുടെ രചയിതാവാരെന്ന് പറയുന്നുമുണ്ട്. സിനിമ പോലും കാണാതെയാണോ പ്രബന്ധം തയ്യാറാക്കിയതെന്നതടക്കമുള്ള ആരോപണങ്ങളാണ് ചിന്തക്കെതിരെ ഉയർന്നത്.



