‘കള്ളപ്പണ ഇടപാട് വീണ സമ്മതിച്ചെന്നത് കളവ്, ബിസിനസ് ആരംഭിക്കുന്നതിനുള്ള കാര്യങ്ങളാണ് ബുക്കിൽ എഴുതിയത്’

കോഴിക്കോട്: മാസപ്പടി കേസിൽ വീണയിൽ നിന്ന് പിടിച്ചെടുത്ത രേഖകളിൽ കള്ളപ്പണം വെളുപ്പിച്ചതിന്റെ തെളിവുണ്ടെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കത്തിൽ പ്രതികരിച്ച് ഭർത്താവും മുൻമന്ത്രിയുമായ മുഹമ്മദ് റിയാസ്. കള്ളപ്പണ ഇടപാടിൽ റിയാസിന് മുഖ്യപങ്കുണ്ടെന്ന് ഇഡി ആരോപിക്കുന്നുണ്ട്. സമൂഹത്തിൽ ബോധപൂർവം വ്യക്തിപരമായി മോശമാക്കാനുള്ള ശ്രമങ്ങളാണിതെന്ന് മുഹമ്മദ് റിയാസ് ആരോപിച്ചു. മാദ്ധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു പ്രതികരണം.
പ്രധാനപ്പെട്ട തെളിവുകളെന്നാണ് ഇഡി പറയുന്നത്. അതിങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസംതന്നെ എന്തിനിത് തിരഞ്ഞെടുത്തു? ഇന്ന് സിപിഎമ്മിന്റെ വിപുലീകൃത സംസ്ഥാന കമ്മിറ്റി വളരെ വിജയകരമായി പൂർത്തീകരിച്ച് ലക്ഷങ്ങൾ പങ്കെടുക്കുന്ന റാലി നടക്കുകയാണ്. നേരത്തെയും ഹവാലയിൽ എന്നെ ബന്ധിപ്പിക്കാനുള്ള ശ്രമം നടന്നുവെങ്കിലും അത് പൊളിഞ്ഞു. ഇപ്പോൾ പുതിയ കഥ രംഗത്തിറക്കിയിരിക്കുകയാണ്.
നിയോജക മണ്ഡലത്തിലെ വികസനപ്രവർത്തനങ്ങൾക്കായാണ് നമ്മൾ ബേപ്പൂർ എന്ന പേരിൽ വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ചത്. ഈ ഗ്രൂപ്പ് ഹവാല ഇടപാടിനുള്ളതെന്നാണ് ഇഡി ചോർത്തിക്കൊടുത്ത വാർത്തകളിൽ വന്നത്.വാട്സാപ്പ് ഗ്രൂപ്പിൽ നിയോജകമണ്ഡലത്തിലെ ജനങ്ങളും മാദ്ധ്യമപ്രവർത്തകരും ഉൾപ്പെടെയുണ്ട്. ചാറ്റുകളും ഇടപാടുകളും പരിശോധിക്കാം. ആരോപണങ്ങൾ നിയമപരമായി നേരിടും. ഹവാല പണമാണെന്നത് വീണ സമ്മതിച്ചതായി ഇഡി പറയുന്നു. ഇത് ശുദ്ധ അസംബന്ധവും കളവുമാണ്.
ഭാവിയിൽ ഒരു ബിസിനസ് ആരംഭിക്കുന്നത് സംബന്ധിച്ച കാര്യങ്ങളാണ് വീണ ബുക്കിൽ എഴുതിയിരുന്നത്. അതിൽ എഴുതിയിരിക്കുന്ന ആളുകളോട് ഇക്കാര്യം ചർച്ചപോലും ചെയ്തിട്ടില്ല. കള്ളപ്പണവുമായി ഇതിന് ഒരു ബന്ധവുമില്ല. ബുക്കിൽ പേരുള്ള മുഴുവൻ ആളുകളുടെയും വീടുകളിലും ഓഫീസുകളിലും റെയ്ഡ് നടന്നു. അവരാരും കള്ളപ്പണമാണെന്ന് പറഞ്ഞിട്ടില്ല. ഭാവി ബിസിനസിനുവേണ്ടിയുള്ള കാര്യങ്ങൾ ഒരു ബുക്കിൽ എഴുതിയതാണ് റെഡ് ബുക്ക് എന്നൊക്കെ പറയുന്നത്.
വീണയ്ക്ക് ഹവാല ഇടപാടുണ്ടെന്ന് വ്യാപക പ്രചാരണമുണ്ട്. വീണയെ മൂന്നുതവണയാണ് ചോദ്യം ചെയ്തത്. ഇതിലൊന്നും ഹവാലയുമായി ബന്ധപ്പെട്ട ഒരു ചോദ്യം പോലും ചോദിച്ചിട്ടില്ല. ഒരു തരത്തിലും തെറ്റ് ചെയ്തിട്ടില്ല. ഇത് നല്ല നിലയിൽ എഴുതിയിട്ടുള്ള കെട്ടിച്ചമച്ച തിരക്കഥയാണ്. എഴുതിയയാൾക്ക് പുരസ്കാരം കൊടുക്കണം’- മുഹമ്മദ് റിയാസ് വ്യക്തമാക്കി.




