ബ്രിക്സ് ഉച്ചകോടിയിൽ സംയുക്ത പ്രഖ്യാപനത്തിന് ധാരണ; ഇന്ന് പുറത്തിറക്കും

പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയിലെ സംയുക്ത പ്രഖ്യാപനത്തിന്മേൽ അംഗരാജ്യങ്ങൾക്കിടയിൽ ധാരണയായി. പുലർച്ചെ നാല് മണിവരെ നീണ്ട മാരത്തൺ ചർച്ചകൾക്കൊടുവിലാണ് പ്രഖ്യാപനത്തിലെ വിഷയങ്ങളിൽ ധാരണയായത്. ഇന്ന് തന്നെ സംയുക്ത പ്രഖ്യാപനം പുറത്തിറക്കും
പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷത്തെക്കുറിച്ചുള്ള പൊതുവായ പരാമർശങ്ങൾ സംയുക്ത പ്രഖ്യാപനത്തിൽ ഉൾപ്പെടുത്തും. രാജ്യങ്ങളുടെ അതിർത്തിപരമായ അഖണ്ഡതയ്ക്കും പരമാധികാരത്തിനും എതിരായ എല്ലാ അധിനിവേശങ്ങളെയും ആക്രമണങ്ങളെയും ശക്തമായി എതിർക്കാനാണ് ഉച്ചകോടിയിലെ തീരുമാനം.
പശ്ചിമേഷ്യയിലെ സംഘർഷത്തിന്റെ കാര്യത്തിൽ യോജിച്ച നിലപാടിലേക്ക് എത്താനാണ് കൂടുതൽ ചർച്ച വേണ്ടിവന്നത്. യുഎഇക്കും സൗദിക്കും ഇറാനും ഇടയിലെ ഭിന്നത പരിഹരിക്കാൻ നീണ്ട ചർച്ചകൾ നടന്നു. ഇന്ത്യ ഈ രാജ്യങ്ങളുമായി പ്രത്യേകം പ്രത്യേകം ചർച്ച നടത്തി. അതേസമയം, സംയുക്ത പ്രഖ്യാപനത്തിൽ അമേരിക്കയെയോ ഇസ്രയേലിനെയോ പേരെടുത്ത് വിമർശിക്കില്ല.




