News

ബ്രിക്സ് ഉച്ചകോടി കൊണ്ട് എന്തു പ്രയോജനമെന്ന് ചിദംബരം, നയതന്ത്ര കരുത്തെന്ന് ശശി തരൂർ

ദില്ലി: ബ്രിക്സ് ഉച്ചകോടി കൊണ്ട് എന്ത് പ്രയോജനമെന്ന മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരത്തിന്‍റെ ചോദ്യത്തിന് പിന്നാലെ, ഭിന്നാഭിപ്രായവുമായി ശശി തരൂർ എംപി രംഗത്തെത്തി. ബ്രിക്സ് കൂട്ടായ്മ ഇന്ത്യയുടെ നയതന്ത്ര ഏകോപന കരുത്ത് വ്യക്തമാക്കുന്നതാണെന്ന് ശശി തരൂർ അഭിപ്രായപ്പെട്ടു. നൂറിലധികം രാജ്യങ്ങൾ അടങ്ങുന്ന ഗ്ലോബൽ സൌത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 11 പ്രമുഖ രാജ്യങ്ങളാണ് ഇവിടെ ഒത്തുചേരുന്നത്. ലോക ജനസംഖ്യയുടെ ഭൂരിഭാഗവും ആഗോള ജിഡിപിയുടെ 41 ശതമാനവും പ്രതിനിധീകരിക്കുന്ന ഈ കൂട്ടായ്മയെ ലോകത്തിന് നിസ്സാരമായി കാണാനാകില്ലെന്ന് ശശി തരൂർ പറഞ്ഞു.

ദില്ലിയിൽ നടക്കുന്ന ഉച്ചകോടി ഇന്ത്യയ്ക്ക് അന്താരാഷ്ട്ര തലത്തിൽ വലിയ അഭിമാനം നൽകുന്ന ഒന്നാണെന്ന് ശശി തരൂർ വിശേഷിപ്പിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഭരണത്തലവന്മാരും നിരീക്ഷകരും എത്തുന്ന ഉച്ചകോടി ആഗോളതലത്തിൽ ഇന്ത്യയ്ക്കുള്ള നയതന്ത്ര സ്വാധീനം ഉയർത്തിക്കാട്ടുന്നു. അന്താരാഷ്ട്ര തലത്തിൽ ഇത്തരം ഒത്തുചേരലുകൾ വലിയ മൂല്യമുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം തന്നെ കൂട്ടായ്മ നേരിടുന്ന ചില വെല്ലുവിളികളും ശശി തരൂർ ചൂണ്ടിക്കാട്ടി. പ്രധാന ആഗോള വിഷയങ്ങളിൽ പൊതുസമ്മതത്തിൽ എത്താനുള്ള പ്രയാസമാണ് ഇതിൽ പ്രധാനം.

നേരത്തെ ദില്ലിയിൽ നടന്ന വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ റഷ്യ-യുക്രൈൻ യുദ്ധം, ഇറാൻ വിഷയം എന്നിവയിൽ സംയുക്ത പ്രഖ്യാപനം നടത്താൻ കഴിയാതെ പോയത് ഇതിനൊരു ഉദാഹരണമായി അദ്ദേഹം ഓർമ്മിപ്പിച്ചു.വ്യാപാര മേഖലയിലെ അസന്തുലിതാവസ്ഥയും തരൂർ ചൂണ്ടിക്കാണിച്ചു. ബ്രിക്സ് രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം വർദ്ധിക്കുന്നുണ്ടെങ്കിലും അത് പലപ്പോഴും ഇന്ത്യക്ക് തിരിച്ചടിയാകുന്നുണ്ട്. ഈ രാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി കുറയുകയും അതേസമയം അവിടെ നിന്നുള്ള ഇറക്കുമതി ഉയരുകയും ചെയ്യുന്നത് ഒരു പ്രധാന വെല്ലുവിളിയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ രണ്ട് അല്ലെങ്കിൽ മൂന്ന് ബ്രിക്സ് ഉച്ചകോടികൾ കൊണ്ട് ഇന്ത്യക്ക് എന്തെങ്കിലും പ്രത്യക്ഷമായ ലാഭമുണ്ടായോ എന്ന് സംശയമാണെന്നായിരുന്നു പി ചിദംബരത്തിന്‍റെ വിമർശനം. ബ്രിക്സ്, എസ്‌സിഒ, ജി20, ക്വാഡ് തുടങ്ങി നിരവധി അന്താരാഷ്ട്ര കൂട്ടായ്മകളിൽ ഇന്ത്യ ഭാഗമാണെങ്കിലും ഇവയിലൂടെ രാജ്യത്തിന് ലഭിച്ച കൃത്യമായ നേട്ടങ്ങൾ എന്തൊക്കെയാണെന്നാണ് ചിദംബരത്തിന്‍റെ ചോദ്യം.

ചിദംബരത്തിന്റെ പ്രസ്താവനയ്ക്കെതിരെ ബിജെപി കടുത്ത രോഷത്തോടെയാണ് പ്രതികരിച്ചത്. ഇന്ത്യ കൈവരിക്കുന്ന ആഗോള പുരോഗതിയും വിജയങ്ങളും ദഹിക്കാത്ത ‘മുഖം തിരിഞ്ഞു നിൽക്കുന്ന അമ്മാവൻ’ നിലപാടാണ് ചിദംബരത്തിന്റേതെന്ന് ബിജെപി പരിഹസിച്ചു. അനാവശ്യമായി സർക്കാരിന്‍റെ നയതന്ത്ര ശ്രമങ്ങളെ കുറ്റപ്പെടുത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും ബിജെപി ആരോപിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button