News

‘അച്ഛൻ ചെയർമാനായ ശേഷമാണ് പവർകട്ട്’; വൈദ്യുതി നിയന്ത്രണത്തിന്റെ കാരണം വിശദീകരിച്ച് കെഎസ്ഇബി ചെയർമാൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ദിവസങ്ങളായി തുടരുന്ന വൈദ്യുതി നിയന്ത്രണത്തിൽ പ്രതികരണവുമായി കെഎസ്ഇബി ചെയർമാൻ എം.ജി. രാജമാണിക്യം. എൽ നിനോ പ്രതിഭാസത്തെ തുടർന്ന് ചൂടും വൈദ്യുതി ഉപഭോഗവും വർധിച്ചപ്പോൾ അതിനനുസരിച്ച് ഉത്പാദനം കൂട്ടാൻ കഴിയാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്തെ ശരാശരി വൈദ്യുതി ഉപഭോഗം 5000 മെഗാവാട്ടിലെത്തിയപ്പോൾ ഡാമുകളിൽ നിന്ന് പരമാവധി 1750 മെഗാവാട്ടോളം മാത്രമാണ് ഉത്പാദിപ്പിക്കാൻ കഴിയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

‘അച്ഛൻ കെഎസ്ഇബി ചെയർമാനായ ശേഷമാണ് ഇങ്ങനെ പവർകട്ട് തുടങ്ങിയതെന്ന് എന്റെ മക്കൾ പോലും പറഞ്ഞിട്ടുണ്ട്. ഞാൻ ചെയർമാനായ സമയത്താണ് എൽ നിനോയും ഉപഭോഗ വർധനയും വൈദ്യുതി ക്ഷാമവുമുണ്ടായത്’ എന്ന് രാജമാണിക്യം പറഞ്ഞു.

രാജ്യത്താകെ 12,000 മെഗാവാട്ടിന്റെ വൈദ്യുതി കുറവുണ്ടെന്നും ലോഡ് നിയന്ത്രിക്കണമെന്നുമുള്ള അറിയിപ്പ് കേന്ദ്രത്തിൽ നിന്ന് ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. വൈകുന്നേരം ആറു മുതൽ രാത്രി 12 വരെയുള്ള പീക്ക് സമയത്ത് പണം കൊടുത്താലും ആവശ്യത്തിന് വൈദ്യുതി ലഭിക്കാത്ത സാഹചര്യമാണെന്നും ഉപഭോഗം പരമാവധി കുറയ്ക്കാൻ ജനങ്ങൾ സഹകരിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

ഇന്നും സംസ്ഥാനത്ത് ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു. 800 മുതൽ 900 മെഗാവാട്ട് വരെ അധിക ഉപഭോഗം ഉണ്ടാകാമെന്നാണ് കണക്കുകൂട്ടൽ. വൈകുന്നേരം 6.30 മുതൽ രാത്രി 12.30 വരെയാണ് നിയന്ത്രണം ഉണ്ടാകാൻ സാധ്യത.

എൽ നിനോയുടെ പശ്ചാത്തലത്തിൽ ചൂട് വർധിച്ചതും മഴ കുറവായതും വൈദ്യുതി പ്രതിസന്ധി രൂക്ഷമാക്കുകയാണ്. ഉത്പാദന പരിമിതിയും ദേശീയതലത്തിലെ വൈദ്യുതി ക്ഷാമവും തുടരുന്ന സാഹചര്യത്തിൽ, ഉപഭോഗം നിയന്ത്രിക്കാനുള്ള കൂട്ടായ സഹകരണമാണ് നിലവിൽ പ്രധാനമെന്ന് കെഎസ്ഇബി വ്യക്തമാക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button