InternationalNews

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് അയവില്ല; ഇറാന്റെ പികാക്‌സ് മലനിര ആക്രമിക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്

ഇറാന്റെ പികാക്‌സ് മലനിരയില്‍ വീണ്ടും ആക്രമണം നടത്തുമെന്ന ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്ത്. ഇറാന്റെ യുറേനിയം ശേഖരമുള്ള മലനിര വൈകാതെ തന്നെ ആക്രമിക്കുമെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ഇറാനിലെ കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ച നതാന്‍സ് യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രത്തിന് സമീപമാണ് ‘പികാക്‌സ് മൗണ്ടന്‍’ സ്ഥിതി ചെയ്യുന്നത്. ഭൂമിക്കടിയില്‍ ആഴത്തില്‍ സ്ഥിതി ചെയ്യുന്ന രണ്ട് തുരങ്ക സമുച്ചയങ്ങള്‍ ഉള്‍ക്കൊള്ളുന്ന കനത്ത സുരക്ഷാ സംവിധാനങ്ങളുള്ള ഒരു കേന്ദ്രം കൂടിയാണ് ഇത്.

ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരെ മാസങ്ങളായി തുടരുന്ന യുദ്ധത്തിന്റെ ലക്ഷ്യം ആണവായുധം സ്വന്തമാക്കുന്നതില്‍ നിന്ന് തെഹ്റാനെ തടയുക എന്നതാണെന്ന് ഓവല്‍ ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു. ഇറാന്‍ ആണവായുധം സ്വന്തമാക്കില്ല. അവര്‍ക്ക് അങ്ങനെയൊന്നുണ്ടായിരുന്നെങ്കില്‍ നിങ്ങള്‍ ഒരുപക്ഷേ അധികനേരം ഇവിടെ ജീവനോടെ നില്‍ക്കുമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ആഴത്തില്‍ സ്ഥിതി ചെയ്യുന്ന പിക്കാക്‌സ് മൗണ്ടയ്നിലെ കേന്ദ്രത്തിലേക്ക് ഇറാന്‍ ആയിരക്കണക്കിന് സെന്‍ട്രിഫ്യൂജുകള്‍ മാറ്റിസ്ഥാപിച്ചതായി ഇസ്രായേല്‍ രഹസ്യാന്വേഷണ വിഭാഗം സംശയം പ്രകടിപ്പിച്ചതായി ‘വാള്‍ സ്ട്രീറ്റ് ജേണല്‍’ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഭൂമിക്കടിയില്‍ നിര്‍മ്മിച്ചിരിക്കുന്നതിനാല്‍, സാധാരണ വ്യോമാക്രമണങ്ങളെ അതിജീവിക്കാനുള്ള ശേഷി ഈ കേന്ദ്രത്തിന് കൂടുതലാണെന്നാണ് കരുതപ്പെടുന്നത്. അതിനാല്‍ അവിടേക്ക് ആക്രമണം നടത്താന്‍ അമേരിക്ക തീരുമാനിച്ചാല്‍, അത് ഇറാനുമായുള്ള സംഘര്‍ഷത്തിന്റെ തീവ്രത വര്‍ദ്ധിക്കുന്നതിന് കാരണമായേക്കാം എന്നാണ് വിലയിരുത്തല്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button