National

20 ലക്ഷം ചതുരശ്ര അടി, 1200 കോടി ചെലവ്; തമിഴ്‌നാട്ടില്‍ പുതിയ നിയമസഭ സമുച്ചയം നിര്‍മ്മിക്കാന്‍ വിജയ് സര്‍ക്കാര്‍

തമിഴ്‌നാട്ടില്‍ പുതിയ നിയമസഭാ മന്ദിരം നിര്‍മ്മിക്കാന്‍ ടിവികെ സര്‍ക്കാര്‍. 1200 കോടി ചെലവില്‍ 20 ലക്ഷം ചതുരശ്ര അടിയില്‍ ചെന്നൈയില്‍ പുതിയ നിയമസഭ- സെക്രട്ടേറിയറ്റ് സമുച്ചയം നിര്‍മ്മിക്കുമെന്ന് മുഖ്യമന്ത്രി ജോസഫ് വിജയ് പ്രഖ്യാപിച്ചു. തമിഴ്നാട് നിയമസഭയില്‍ റൂള്‍ 110 പ്രകാരം നടത്തിയ സുപ്രധാന പ്രസ്താവനയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

അടുത്ത 100 വര്‍ഷത്തേക്കുള്ള ഭരണപരമായ ആവശ്യങ്ങളെല്ലാം നിറവേറ്റുന്ന രീതിയിലുള്ള കെട്ടിടമാകും നിര്‍മിക്കുക. അത്യാധുനിക സൗകര്യങ്ങള്‍ക്ക് പുറമേ, പുതിയ സമുച്ചയത്തോട് അനുബന്ധിച്ച് വിപുലമായ പാര്‍ക്കിങ് സംവിധാനം, കോണ്‍ഫറന്‍സ് ഹാളുകള്‍, പൊതുജനങ്ങള്‍ക്കുള്ള സേവനങ്ങള്‍ക്കായി പ്രത്യേക കേന്ദ്രങ്ങള്‍, സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി പ്രത്യേക സൗകര്യങ്ങള്‍ തുടങ്ങിയവയുമുണ്ടാകും.

നിലവില്‍ ചെന്നൈ സെന്റ് ജോര്‍ജ് ഫോര്‍ട്ടിലാണ് തമിഴ്‌നാട് സെക്രട്ടേറിയേറ്റും നിയമസഭയും പ്രവര്‍ത്തിക്കുന്നത്. 107 ഏക്കറിലുള്ള സെന്റ് ജോര്‍ജ് ഫോര്‍ട്ടിന്റെ നാല് ഏക്കര്‍ മാത്രമാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ളത്. ബാക്കി സ്ഥലം കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെയും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടേയും കൈവശമാണ്. പുതിയ മന്ദിരം പൂര്‍ത്തിയാകുന്നതോടെ, കൊളോണിയല്‍ കാലഘട്ടം മുതല്‍ ഭരണകേന്ദ്രമായി തുടരുന്ന ചരിത്രപ്രസിദ്ധമായ ഫോര്‍ട്ട് സെന്റ് ജോര്‍ജില്‍ നിന്നും സംസ്ഥാന ഭരണം മാറും.

അതേസമയം പുതിയ നിയമസഭ-സെക്രട്ടറിയേറ്റ് സമുച്ചയം എവിടെയാണ് നിര്‍മ്മിക്കുകയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടില്ല. നിലവിലെ ഭരണകേന്ദ്രമായ സെന്റ് ജോര്‍ജ് കോട്ടയിലെ സ്ഥലപരിമിതിയും ഗതാഗതക്കുരുക്കും മറികടക്കാനും, ജനസൗഹൃദ ഭരണസംവിധാനം ഉറപ്പാക്കാനുമാണ് പുതിയ സമുച്ചയം നിര്‍മ്മിക്കുന്നതെന്ന് വിജയ് പറഞ്ഞു. പുതിയ നിയമസഭ-സെക്രട്ടറിയേറ്റ് സമുച്ചയത്തിനൊപ്പം ചെന്നൈയില്‍ ലോകനിലവാരത്തിലുള്ള ഒളിംപിക് സിറ്റിയും മോട്ടോര്‍ സ്‌പോര്‍ട്‌സ് സിറ്റിയും നിര്‍മ്മിക്കുമെന്നും മുഖ്യമന്ത്രി വിജയ് പ്രസ്താവിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button