‘ആവർത്തിച്ച് ചോദിച്ചാലും മറുപടി നൽകില്ല’; കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ പ്രതികരിക്കാതെ കെ.എം. ഷാജി

തിരുവനന്തപുരം: സ്ത്രീകൾക്കെതിരെയുള്ള കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാറുടെ വിവാദ പരാമർശത്തിൽ പ്രതികരിക്കാൻ വിസമ്മതിച്ച് മന്ത്രി കെ.എം. ഷാജി. മാധ്യമപ്രവർത്തകർ ഈ വിഷയത്തിൽ അഭിപ്രായം ചോദിച്ചപ്പോൾ അദ്ദേഹം കടുത്ത രീതിയിലാണ് പ്രതികരിച്ചത്. വിഷയത്തിൽ താൻ യാതൊരുവിധ കമന്റും പറയുന്നില്ലെന്നും, ആവർത്തിച്ചു ചോദിച്ചാലും മറുപടി നൽകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ വിവിധ മുസ്ലിം കമ്മ്യൂണിറ്റികൾക്കിടയിൽ വ്യത്യസ്തമായ ധാരകളിലുള്ള നിരവധി ആളുകളുണ്ടെന്നും, അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. താനൊരു കാര്യത്തിൽ കമന്റ് ഇല്ലെന്ന് വ്യക്തമാക്കിയാൽ അത് അതുപോലെ തന്നെയാണെന്നും കെ.എം. ഷാജി കൂട്ടിച്ചേർത്തു.
മന്ത്രി പി.സി. വിഷ്ണുനാഥും കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ കൃത്യമായ അഭിപ്രായം പറയാതെ ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. സ്ത്രീകൾ സമൂഹത്തിന്റെ എല്ലാ മേഖലകളിലേക്കും കടന്നുവരുന്ന കാലമാണിതെന്നും തുല്യതയ്ക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ആ നിലയിൽ കാര്യങ്ങൾ മുന്നോട്ടുപോട്ടെയെന്നും, പരാമർശത്തിന്റെ ഉള്ളിലേക്ക് കയറി താൻ അഭിപ്രായം പറയുന്നില്ലെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.
ഇസ്ലാമിക ആഘോഷവേദികളിൽ സ്ത്രീകളെ പ്രദർശിപ്പിക്കരുതെന്ന തരത്തിലുള്ള സർക്കുലർ നേരത്തെ വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകുമെന്ന പരാമർശവുമായി കാന്തപുരം വീണ്ടും രംഗത്തെത്തിയത്. അതേസമയം, കാന്തപുരത്തിന്റെ ഈ വിവാദ പരാമർശങ്ങളെ പൂർണ്ണമായും തള്ളിക്കൊണ്ട് വനിതാ ശിശുക്ഷേമമന്ത്രി ബിന്ദു കൃഷ്ണ ശക്തമായ നിലപാടുമായി രംഗത്തെത്തിയിട്ടുണ്ട്.




