News

‘യുഡിഎഫ് കേന്ദ്രങ്ങളിൽ വോട്ട് കുറഞ്ഞു, വിദഗ്ധ അവലോകനത്തിൽ അപകടം ബോധ്യപ്പെട്ടിരുന്നു’; ഗുരുതര ആരോപണവുമായി പി.വി. അൻവർ

ബേപ്പൂർ നിയമസഭാ മണ്ഡലത്തിലെ പരാജയത്തിന് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ വിമർശനവുമായി പി.വി. അൻവർ രംഗത്ത്. യുഡിഎഫ് ശക്തികേന്ദ്രങ്ങളായ രാമനാട്ടുകര, ഫറോക്ക് മുനിസിപ്പാലിറ്റികളിലും ചെറുവണ്ണൂർ നല്ലളം മേഖലയിലും തനിക്ക് വോട്ട് കുറഞ്ഞെന്നും, എന്നാൽ ഇടതുപക്ഷ കേന്ദ്രങ്ങളിൽ നിന്നാണ് ആവശ്യത്തിന് വോട്ടുകൾ ലഭിച്ചതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു. തിരഞ്ഞെടുപ്പിന് ശേഷം വിദഗ്ധരെ ഉപയോഗിച്ച് നടത്തിയ അവലോകനത്തിൽ തന്നെ പരാജയത്തിന്റെ സൂചനകൾ ലഭിച്ചിരുന്നുവെന്നും ഫോം 20 പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്നും അൻവർ ചൂണ്ടിക്കാട്ടുന്നു.

തനിക്ക് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അപരന്മാർ ഉണ്ടായിരുന്നുവെന്നും, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബേപ്പൂരാണ് തിരഞ്ഞെടുത്തതെന്നും അൻവർ കുറിപ്പിൽ പറയുന്നു. എതിർ സ്ഥാനാർത്ഥിക്ക് ബിജെപിയുടെ വോട്ടുകൾ കൂട്ടത്തോടെ ലഭിക്കുന്ന സാഹചര്യം ഉണ്ടായി. യുഡിഎഫ് ഭരിക്കുന്ന ഫറോക്കിലും രാമനാട്ടുകരയിലും പ്രതീക്ഷിച്ച ലീഡ് ലഭിച്ചിരുന്നെങ്കിൽ ഫലം മറ്റൊന്നാകുമായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ യുവ സംഘടനകൾ ഉൾപ്പെടെ ആവശ്യപ്പെട്ട എല്ലാ സഹായങ്ങളും നൽകിയിട്ടും, ചില കേന്ദ്രങ്ങളിൽ വിതരണം ചെയ്യാത്ത നോട്ടീസുകളും ഒട്ടിക്കപ്പെടാത്ത പോസ്റ്ററുകളും കണ്ടത് തന്നെ അത്യധികം വേദനിപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി.

പിണറായി സർക്കാരിന്റെ ഏകാധിപത്യ പ്രവണതകൾക്കെതിരെ താൻ നടത്തിയ പോരാട്ടങ്ങളെയും ത്യാഗങ്ങളെയും ആരും വിസ്മരിക്കരുതെന്നും അൻവർ ഓർമ്മിപ്പിച്ചു. സ്വന്തം രാഷ്ട്രീയ ഭാവിയോ ജീവനോ സ്വത്തോ നോക്കാതെ നീതിക്കുവേണ്ടിയാണ് താൻ പോരാടിയത്. ഈ സർക്കാർ നിലവിൽ വരാൻ ഉണ്ടായ കാരണങ്ങളിൽ തന്റെ സംഭാവനകളെ വേണമെങ്കിൽ അവഗണിക്കാം, എന്നാൽ താൻ കുറിച്ച ആ ചരിത്രം മഷി ഉണങ്ങാതെ രേഖപ്പെടുത്തി കിടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button