“മമത ഇനി വീട്ടിലിരുന്നാൽ മതി..! തെരുവിലിറങ്ങുന്നത് തടയുമെന്ന് സുവേന്ദു, ‘മുട്ടുമടക്കില്ലെന്ന് മമത

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ രാഷ്ട്രീയ പോരാട്ടം വീണ്ടും കടുപ്പിച്ച് മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ വിവാദ പരാമർശം. മമത ബാനർജിയെ തെരുവിലിറങ്ങാതിരിക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്നും, പ്രായമായ മമത ഇനി ഫെയ്സ്ബുക്കിൽ ഇരുന്നാൽ മതിയെന്നും വിശ്രമിക്കാമെന്നുമാണ് അദ്ദേഹം പറഞ്ഞത്. ബിജെപിയെ അധികാരത്തിൽനിന്ന് പുറത്താക്കാതെ രാഷ്ട്രീയം വിടില്ലെന്നും അതിനായി തെരുവിലിറങ്ങുമെന്നും മമത പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സുവേന്ദുവിന്റെ പരാമർശം.
എന്നാൽ സുവേന്ദുവിന്റെ പ്രസ്താവനയ്ക്ക് മമത ശക്തമായ മറുപടി നൽകി. തന്നെ വീട്ടുതടങ്കലിലാക്കുമെന്ന ഭീഷണിയാണ് മുഖ്യമന്ത്രി ഉയർത്തുന്നതെന്നും അതുകൊണ്ട് മുട്ടുമടക്കില്ലെന്നും മമത പറഞ്ഞു. ഒരു മുഖ്യമന്ത്രി പ്രധാന പ്രതിപക്ഷപാർട്ടിയുടെ നേതാവിനെ പുറത്തിറങ്ങാൻ അനുവദിക്കില്ലെന്ന് പറയുന്നത് ബംഗാൾ രാഷ്ട്രീയം എത്തിയ അധോഗതിയുടെ തെളിവാണെന്നും അവർ ആരോപിച്ചു.
ബംഗാളിലെ അന്നപൂർണ പദ്ധതിയിൽ അർഹരായവരെ രാഷ്ട്രീയ കാരണങ്ങളാൽ ഒഴിവാക്കുകയാണെന്നും മമത ആരോപിച്ചു. എന്നാൽ മമതയുടെ ഭരണകാലം മുഴുവൻ പ്രീണന രാഷ്ട്രീയമായിരുന്നുവെന്നാണ് സുവേന്ദുവിന്റെ മറുപടി. ഒരു പ്രത്യേക മതവിഭാഗത്തിൽപ്പെട്ടവരാണ് സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളായിരുന്നതെന്നും അദ്ദേഹം ആരോപിച്ചു.
മമതയെ തെരുവിലിറങ്ങുന്നതിൽ നിന്ന് തടയുമെന്ന സുവേന്ദുവിന്റെ വാക്കുകളും, ബിജെപിയെ പുറത്താക്കാതെ പിന്നോട്ടില്ലെന്ന മമതയുടെ നിലപാടും ബംഗാളിലെ രാഷ്ട്രീയ പോരാട്ടം കൂടുതൽ നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണ്. വരാനിരിക്കുന്ന രാഷ്ട്രീയ നീക്കങ്ങളിൽ ഇരുപക്ഷത്തിന്റെയും വാക്കേറ്റം കൂടുതൽ ശക്തമാകുമെന്നാണ് വ്യക്തമാകുന്നത്.




