ടി പി വധക്കേസ്: സുപ്രീം കോടതിയിൽ ഹാജരായിരുന്ന സിപിഎം അനുഭാവിയായ അഭിഭാഷകനെ മാറ്റാൻ തീരുമാനം

ന്യൂഡൽഹി: പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ടി പി വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന അഭിഭാഷകനെ മാറ്റാൻ തീരുമാനമായി. സിപിഎം സഹയാത്രികനായിരുന്ന സീനിയർ അഭിഭാഷകൻ പി വി ദിനേശിനെയാണ് മാറ്റുന്നത്. മുൻ സോളിസിസ്റ്റർ ജനറൽ രഞ്ജിത് കുമാർ, പ്രമുഖ ക്രിമിനൽ അഭിഭാഷകൻ സിദ്ധാർഥ് ലൂത്ര എന്നിവരിൽ ഒരാളെ കേസിൽ ഹാജരാക്കാനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ടി പി വധക്കേസിലെ പ്രതികളുടെ അഭിഭാഷകരും സർക്കാർ അഭിഭാഷകരും തമ്മിൽ ഒത്തുകളിക്കുന്നുവെന്ന ആരോപണം ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ ഉന്നയിച്ചിരുന്നു. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ സുപ്രീം കോടതിയിൽ ഹാജരാകുന്നതിന് പ്രമുഖ ക്രിമിനൽ അഭിഭാഷകരെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് രമ സർക്കാരിനെ സമീപിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് സിപിഎം അനുഭാവിയായ അഭിഭാഷകനെ മാറ്റാൻ സർക്കാർ തീരുമാനിച്ചത്.
അതേസമയം, ടിപി വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കൊടി സുനി ഉൾപ്പെടെ ഏഴുപേരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീം കോടതി മൂന്നാഴ്ചത്തേക്ക് മാറ്റി. ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത് മാറ്റിയത്.
13 വർഷത്തിലധികമായി ജയിലിൽ കഴിയുകയാണെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് നൽകിയ ഹർജി വേഗത്തിൽ പരിഗണിക്കണമെന്നായിരുന്നു പ്രതികളുടെ ആവശ്യം.എന്നാൽ ജാമ്യാപേക്ഷയിൽ മറുപടി നൽകുന്നതിന് കൂടുതൽ സമയം വേണമെന്ന് കെ കെ രമ കോടതിയിൽ ആവശ്യപ്പെട്ടു. തുടർന്നാണ് ഹർജി പരിഗണിക്കുന്നത് മൂന്നാഴ്ചത്തേക്ക് മാറ്റിയത്. രണ്ട് ആഴ്ചയ്ക്കുള്ളിൽ മറുപടി നൽകണമെന്ന് കോടതി രമയോട് നിർദേശിച്ചിട്ടുണ്ട്.




