മ്യൂസിയം സ്റ്റേഷൻ വിവാദം: പ്രതികൾക്ക് വസ്ത്രം വാങ്ങിനൽകിയത് കോൺഗ്രസുകാരെ മർദിച്ച ഉദ്യോഗസ്ഥനെന്ന് കെ. മുരളീധരൻ

തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനിൽ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ ഓണാഘോഷത്തിൽ പങ്കെടുത്ത സംഭവത്തിൽ രൂക്ഷ വിമർശനവുമായി മന്ത്രി കെ. മുരളീധരൻ രംഗത്തെത്തി. ഭരണം മാറിയത് അറിയാത്ത ചില പൊലീസ് ഉദ്യോഗസ്ഥരാണ് ഇതിനു പിന്നിലെന്നും, കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കോൺഗ്രസുകാരെ മർദ്ദിച്ച അതേ ഉദ്യോഗസ്ഥനാണ് പ്രതികൾക്ക് വസ്ത്രങ്ങൾ വാങ്ങി നൽകിയതെന്നും അദ്ദേഹം ആരോപിച്ചു. തൽക്കാലം ആ ഉദ്യോഗസ്ഥന്റെ പേര് വെളിപ്പെടുത്തുന്നില്ലെന്നും ഈ വിഷയത്തിൽ പൊലീസ് നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, വീണ വിജയനെതിരായ ഇഡി അന്വേഷണത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് കോൺഗ്രസിന് അന്നും ഇന്നും ഒരേ നിലപാടാണെന്ന് കെ. മുരളീധരൻ വ്യക്തമാക്കി. കേന്ദ്രസർക്കാർ രാഷ്ട്രീയ എതിരാളികൾക്കെതിരെ ആയുധമായി ഉപയോഗിക്കുന്ന ഏജൻസി മാത്രമാണ് ഇഡി എന്നും, അതിനാൽ വീണക്കെതിരായി പുറത്തുവിട്ട വാർത്താക്കുറുപ്പിനെ പാർട്ടി ഗൗരവത്തിൽ എടുക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




