‘ഇടതുപക്ഷം മൂന്നാം തവണയും അധികാരത്തിലെത്താതിരുന്നത് സഖാക്കൾ സുഖിച്ചുനടന്നതിനാൽ’; വെള്ളാപ്പള്ളിയുടെ രൂക്ഷ വിമർശനം

ആലപ്പുഴ: മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാറിനും ഇടതുപക്ഷ സർക്കാരിനുമെതിരെ രൂക്ഷമായ വിമർശനങ്ങളുമായി വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തി. ഗണേഷ് കുമാർ വ്യക്തിശുദ്ധിയില്ലാത്ത ആളാണെന്നും ഉമ്മൻ ചാണ്ടിയെ ചതിച്ചതിനാണ് അദ്ദേഹത്തിന് മന്ത്രിസ്ഥാനം ലഭിച്ചതെന്നും അദ്ദേഹം ആരോപിച്ചു. എസ്.എൻ. ട്രസ്റ്റ് വാർഷിക പൊതുയോഗത്തിൽ സംസാരിക്കവെയാണ് വെള്ളാപ്പള്ളി ഈ പരാമർശങ്ങൾ നടത്തിയത്.
സാമ്പത്തിക കാര്യങ്ങളിലും സ്ത്രീവിഷയങ്ങളിലും യാതൊരുവിധ വ്യക്തിശുദ്ധിയുമില്ലാത്ത ആളാണ് കെ.ബി. ഗണേഷ് കുമാർ എന്ന് അദ്ദേഹം തുറന്നടിച്ചു. മുൻ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയെ ഒറ്റിക്കൊടുത്തതിന്റെ പ്രതിഫലമായാണ് എൽ.ഡി.എഫ്. അദ്ദേഹത്തിന് മന്ത്രിസ്ഥാനം നൽകിയത്. സഖാക്കൾ സുഖിച്ചുനടന്നതുകൊണ്ടാണ് ഇടതുപക്ഷത്തിന് കേരളത്തിൽ മൂന്നാം തവണയും സർക്കാർ രൂപീകരിക്കാൻ സാധിക്കാതെ പോയതെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പ് പരാജയത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും പിണറായി വിജയന്റെ തലയിൽ മാത്രം കെട്ടിവെക്കാൻ ചിലർ ബോധപൂർവ്വം ശ്രമിക്കുന്നുണ്ട്. എന്നാൽ പിണറായി വിജയൻ തങ്ങൾക്ക് ചെയ്തുതരാൻ കഴിയുന്ന കാര്യങ്ങൾ പോലും ചെയ്തുതന്നിട്ടില്ലെങ്കിലും താൻ ഒരിക്കലും അദ്ദേഹത്തെ തള്ളിപ്പറയില്ലെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കി. പിണറായിയുടെ ഓഫീസിലെ ഏറ്റവും വലിയ പുഴുക്കുത്ത് അദ്ദേഹത്തിന്റെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന പി. ശശിയാണെന്നും അദ്ദേഹം ആരോപിച്ചു.
മുൻ സ്പീക്കർ എ.എൻ. ഷംസീറിനെതിരെയും വെള്ളാപ്പള്ളി രൂക്ഷമായ വിമർശനം ഉന്നയിച്ചു. ഷംസീർ യഥാർത്ഥത്തിൽ ഒരു കമ്മ്യൂണിസ്റ്റുകാരനല്ല, മറിച്ച് മുസ്ലിം ലീഗിന്റെ മനസ്സുള്ള ആളാണ്. പിണറായി വിജയനെപ്പോലുള്ള മുതിർന്ന നേതാക്കൾ കഷ്ടപ്പെട്ട് ഉയർന്നുവന്നപ്പോൾ ഷംസീർ വളരെ ചുളുവിലൂടെ നേതാവായി മാറിയ ആളാണെന്നും അദ്ദേഹം പരിഹസിച്ചു. മതേതരത്വം പറഞ്ഞുനടന്ന ഈഴവർ ഒരിടത്തും എത്തിയിട്ടില്ലെന്നും ഇനി നൂറ് കൊല്ലം കഴിഞ്ഞാൽ പോലും കേരളത്തിൽ ഒരു ഈഴവ മുഖ്യമന്ത്രി ഉണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




