News

ശബരിമല സ്വർണ്ണക്കൊള്ള കേസ്; ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് വീണ്ടും റിമാൻഡിൽ!

കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയും ബോർഡ് അംഗം എ. അജികുമാറിനെയും വിജിലൻസ് കോടതി വീണ്ടും റിമാൻഡ് ചെയ്തു. സെപ്റ്റംബർ ഒന്നു വരെയാണ് ഇരുവരെയും റിമാൻഡ് ചെയ്തിരിക്കുന്നത്. പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി വാദം തുടരുകയാണ്.

പ്രോസിക്യൂഷൻ ശക്തമായ തെളിവുകൾ ഹാജരാക്കിയിട്ടുണ്ട്. കൂടാതെ ശബരിമല നെയ്യ് ക്രമക്കേടിലും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. 2019-ൽ നടന്ന സ്വർണ്ണക്കൊള്ള മറച്ചുവെക്കാനാണ് ഉണ്ണിക്കൃഷ്ണൻ പോറ്റി ഉൾപ്പെടെയുള്ള മുഖ്യ പ്രതികൾ 2025-ൽ ദേവസ്വം ബോർഡിന്റെ ഒത്താശയോടെ വീണ്ടും സ്വർണം പൂശൽ ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ഹൈക്കോടതിയെ അറിയിച്ചു.

2025-ൽ ദ്വാരാപാലക ശില്പങ്ങൾ ചെന്നൈയിലേക്ക് കൊണ്ടുപോയതുമായി ബന്ധപ്പെട്ട കേസിലാണ് പി.എസ്. പ്രശാന്തിനെ പ്രതി ചേർത്തിരിക്കുന്നത്. മുരാരി ബാബു ഒന്നാം പ്രതിയും, ഉണ്ണികൃഷ്ണൻ പോറ്റി രണ്ടാം പ്രതിയും, പങ്കജ് ഭണ്ഡാരി മൂന്നാം പ്രതിയും, അജി കുമാർ അഞ്ചാം പ്രതിയും, കണ്ഠരര് രാജീവര് ആറാം പ്രതിയുമാണ്.

പ്രശാന്തിനെതിരെ ഗൂഢാലോചനയ്ക്ക് വ്യക്തമായ തെളിവുണ്ടെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. അന്വേഷണത്തിൽ ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ ഈ പ്രതികളുടെ പങ്ക് വ്യക്തമായി തെളിഞ്ഞതായി എസ്.ഐ.ടി റിപ്പോർട്ടിൽ പറയുന്നു. മുൻകൂട്ടി ആസൂത്രണം ചെയ്ത ക്രിമിനൽ ഗൂഢാലോചനയുടെ ഭാഗമായി ഇവർ കൂട്ടായി പ്രവർത്തിച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button