‘വിജയ് എഫക്ട്’; തമിഴ്നാട്ടിൽ എല്ലാ എംഎൽഎമാർക്കും പുതിയ കാറുകൾ, വാഹനച്ചെലവിന് മാസം 75,000 രൂപ

ചെന്നൈ: സംസ്ഥാനത്തെ എല്ലാ എംഎൽഎമാർക്കും മണ്ഡലങ്ങളിൽ യാത്ര ചെയ്യുന്നതിനായി പുതിയ കാറുകൾ അനുവദിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്. ജനങ്ങളുടെ ആവശ്യങ്ങൾ നേരിട്ട് മനസിലാക്കാനും മണ്ഡലങ്ങളിൽ സ്ഥിരമായി സന്ദർശനം നടത്താനും എംഎൽഎമാർക്ക് വാഹന സൗകര്യം അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
എംഎൽഎമാർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം ചൂണ്ടിക്കാട്ടി വിസികെ എംഎൽഎ ജ്യോതിമണി നിയമസഭയിൽ കാറുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് വിജയ് സർക്കാരിന്റെ പുതിയ പ്രഖ്യാപനം.
പുതിയ കാറുകൾ അനുവദിക്കുന്നതിന് പുറമെ ഡ്രൈവറുടെ ശമ്പളത്തിനും മറ്റ് അനുബന്ധ ചെലവുകൾക്കുമായി ഓരേ എംഎൽഎയ്ക്കും മാസം 75,000 രൂപ വീതം നൽകാനും സർക്കാർ തീരുമാനമായി. കൂടാതെ എംഎൽഎ ഓഫീസിൽ അസിസ്റ്റന്റുമാരെ നിയമിക്കുന്നതിനായി മാസം 25,000 രൂപ അധികമായി അനുവദിക്കാനും വിജയ് സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
മണ്ഡലങ്ങളിലെ ജനങ്ങളുടെ പ്രശ്നങ്ങൾ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിന് എംഎൽഎമാരുടെ പ്രവർത്തനം കൂടുതൽ സുഗമമാക്കുന്നതിനാണ് സർക്കാർ പുതിയ സൗകര്യങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത് എന്നാണ് വിശദീകരണം.ആകെ 234 എംഎൽഎമാർ ആണുള്ളത്. ഇവർക്ക് ഒരു ലക്ഷം രൂപയിൽ അധികം ശമ്പളം ഉണ്ട്. ഇതിനുപുറമെയാണ് പുതിയ പ്രഖ്യാപനം. വിജയ്‌യുടെ പ്രഖ്യാപനത്തിന് പിന്നാലെ ടിവികെ എംഎൽഎ സിന്ധു പാട്ട് പാടി വിജയ്ക്ക് നന്ദി അറിയിച്ചു.



