ഗൃഹനാഥനെ കൊലപ്പെടുത്തി; ‘സക്സസ് പാർട്ടി’ പോലെ തട്ടുകടയിൽ ഭക്ഷണം കഴിച്ച് പ്രതികൾ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ആലപ്പുഴ: കരുവാറ്റയിൽ ഗൃഹനാഥനെ കൊലപ്പെടുത്തിയ ശേഷം പ്രതികൾ ഞായറാഴ്ച പുലർച്ചെ തട്ടുകടയിൽ നിന്ന് ആഘോഷപൂർവം ഭക്ഷണം കഴിച്ചു. കൊല്ലം പരവൂർ നെടുങ്ങോലം കൊച്ചാലുംമൂട് സരസ്വതി നിവാസിൽ ശിവൻകുട്ടിചെട്ടിയാരെ (65) കൊലപ്പെടുത്തിയശേഷം പ്രതികൾ അവിടെ നിന്ന് ഏഴുകിലോമീറ്റർ അകലെയുള്ള ഹരിപ്പാടെത്തി കെഎസ്ആർടിസി സ്റ്റാൻഡിനടുത്തെ തട്ടുകടയിൽ നിന്നാണ് ഭക്ഷണം കഴിച്ചത്.
ആസൂത്രണം ചെയ്തപോലെ കൃത്യം നടത്തിയതിന്റെ ‘സക്സസ് പാർട്ടി’ പോലെയായിരുന്നു ഇത്. പ്രതികൾ ഭക്ഷണം കഴിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കടയിലുണ്ടായിരുന്നവരുടെ മൊഴിയും രേഖപ്പെടുത്തി. ശനിയാഴ്ച രാത്രി ഏഴേമുക്കാലോടെ കൊല്ലത്തുനിന്നുള്ള ട്രെയിനിൽ പ്രതികൾ ഹരിപ്പാടിറങ്ങുന്നത്.
റെയിൽവേ സ്റ്റേഷനിൽ നിന്ന് ഓട്ടോയിൽ കരുവാറ്റ കന്നുകാലിപ്പാലത്തിന് സമീപമെത്തി. അവിടെ നിന്ന് ഒരു കിലോമീറ്ററോളംനടന്ന് ഒൻപതരയോടെയാണ് ശിവൻകുട്ടിയുടെ വീട്ടിൽ എത്തിയത്.കൃത്യത്തിന് ശേഷം ഇതേവഴിയിലൂടെയാണ് തിരികെ ഹരിപ്പാട്ടെത്തിയത്. ഭക്ഷണം കഴിച്ചശേഷം കൊല്ലത്തേക്ക് പോയത് ബസിലാണ്. തിങ്കളാഴ്ച രാവിലെവരെ പിടിക്കപ്പെടില്ലെന്ന വിശ്വാസത്തിലായിരുന്നു. ശിവൻകുട്ടിയുടെ ചെറുമകളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതോടെ പൊലീസ് പെൺകുട്ടിയുടെ മൊബൈൽ ഫോൺ പിടിച്ചെടുത്ത്.
ഇതോടെയാണ് കേസ് പുതിയ വഴിത്തിരിവിൽ എത്തിയത്. പ്രതികളും പെൺകുട്ടിയും പരസ്പരം ഫോണിൽ വിളിച്ചും നേരിട്ടും ബന്ധപ്പെട്ടിരുന്നു. ശിവൻകുട്ടിയെ കൊലപ്പെടുത്താൻ 13കാരിയായ ചെറുമകളും സുഹൃത്തുക്കളും ആഴ്ചകളോളം ആസൂത്രണം നടത്തിയിരുന്നുവെന്നാണ് വിവരം.പെൺകുട്ടിയുടെ അമിത മൊബൈൽ ഫോൺ ഉപയോഗവും രാത്രി വൈകി പുറത്തുപോകുന്നതും ശിവൻകുട്ടി വിലക്കിയിരുന്നു. ഇതും കുടുംബത്തിലെ പ്രശ്നങ്ങളും പെൺകുട്ടിയെ വീട്ടുകാരിൽ നിന്ന് അകറ്റി. ഇതാണ് കൊലപാതകത്തിലേക്ക് പെൺകുട്ടിയെ നയിച്ചത്.
എങ്ങനെ കൊല്ലണമെന്ന് സോഷ്യൽ മീഡിയയിൽ സുഹൃത്തുക്കളുമായി പെൺകുട്ടി നിരന്തരം ചർച്ച നടത്തി. വിഷം കൊടുക്കുന്നതും വാഹനാപകടത്തിൽപ്പെടുത്തുന്നതും കല്ല് തലയിലിട്ട് കൊല്ലുന്നതുമടക്കം പലവഴികളും ചർച്ച ചെയ്തു. ശനിയാഴ്ച രാത്രി 10.45നും പുലർച്ചെ 1.30നും ഇടയിലായിരുന്നു കൊലപാതകം.
സംഭവശേഷം കൂട്ടുകാർക്കൊപ്പം രണ്ട് ദിവസം കഴിഞ്ഞശേഷമാണ് പെൺകുട്ടി തിങ്കളാഴ്ച രാവിലെ വീട്ടിലെത്തിയത്.തുടർന്നാണ് ശിവൻകുട്ടിയെ കാണാനില്ലെന്നും വീട് അടച്ചിട്ടിരിക്കുന്നതായും നാട്ടുകാരെ അറിയിച്ചത്. തിങ്കളാഴ്ച രാവിലെ വീണ്ടുമെത്തി അയൽവാസികളുടെ സഹായത്തോടെ പിൻവാതിൽ തുറന്ന് അകത്തുകയറിയ കുട്ടി ശിവൻകുട്ടി മരിച്ചുകിടക്കുന്നത് കണ്ട് അലമുറയിട്ടു.
പൊലീസെത്തിയപ്പോൾ താൻ ശനിയാഴ്ച രാവിലെയാണ് അവസാനമായി ശിവൻകുട്ടിയെ കണ്ടതെന്നും പിന്നീട് വീട് അടഞ്ഞുകിടക്കുകയായിരുന്നുവെന്നുമാണ് മൊഴികൊടുത്തത്.ആദ്യം പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ നോക്കിയ പെൺകുട്ടി വനിതാ പൊലീസ് ഉദ്യോഗസ്ഥറെത്തി മണിക്കൂറുകളോളം ചോദ്യം ചെയ്തതോടെ തിങ്കളാഴ്ച കുറ്റം സമ്മതിക്കുകയായിരുന്നു.
പിന്നാലെ പെൺകുട്ടിയുടെ മൂന്ന് സുഹൃത്തുക്കളെ കൂടി പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മാതാപിതാക്കളുടെ സ്നേഹം താൻ അറിഞ്ഞിട്ടില്ലെന്നാണ് പെൺകുട്ടി പൊലീസിന് മൊഴി നൽകിയത്. ചോദ്യം ചെയ്യലിൽ ഉടനീളം ഒരുഭാവഭേദവും ഇല്ലാതിരുന്ന പെൺകുട്ടി വീട്ടിലെ സാഹചര്യത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് പൊട്ടിക്കരഞ്ഞത്.
അറസ്റ്റിലായ മറ്റ് മൂന്നുപേരുടെയും കുടുംബാന്തരീക്ഷവും സാമൂഹിക സാഹചര്യങ്ങളും ക്രൂരകൃത്വത്തിൽ സ്വാധീനിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.നാലരപ്പവന്റെ ആഭരണങ്ങൾ മോഷ്ടിച്ചാണ് കുറ്റരോപിതർ കടന്നത്. ഇതിൽ ഒരു മോതിരം 16,000 രൂപയ്ക്ക് വിറ്റിരുന്നു. ഇതും പ്രതികൾ വീട്ടിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പൊലീസ് കണ്ടെടുത്തു. പെൺകുട്ടിക്ക് ഐഫോണും കാമുകന് ബൈക്കും വാങ്ങാനായിരുന്നു പദ്ധതി.



