‘സ്വാമി’ എന്ന് വിളിക്കണം, വടി ഉയർത്തരുത്; ശബരിമല പൊലീസിന് ദേവസ്വം ബോർഡിന്റെ കർശന നിർദ്ദേശം

ശബരിമല തീർത്ഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പൊലീസിന് നിർദ്ദേശം നൽകി തിരുവിതാംകൂർ ദേവസ്വം ബോർഡ്. പരിശീലനമില്ലാതെ സർവീസിലെത്തുന്ന ചില പൊലീസുകാർ ഭക്തരോട് അപമര്യാദയായി പെരുമാറുന്നുവെന്ന പരാതി ഉയർന്നതിനെ തുടർന്നാണിത്. കഴിഞ്ഞദിവസം ചേർന്ന ശബരിമല അവലോകനയോഗത്തിൽ ദേവസ്വം ബോർഡ്
പ്രസിഡന്റ് കെ. ജയകുമാറാണ് ഇക്കാര്യം തുറന്നുകാട്ടിയത്. മണ്ഡല-മകരവിളക്ക് സീസണിൽ പമ്പ, സന്നിധാനം, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഡ്യൂട്ടിക്കെത്തുന്ന പൊലീസുകാർക്ക് പെരുമാറ്റരീതിയെക്കുറിച്ച് പ്രത്യേക ക്ലാസുകൾ നൽകണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. ഇതിനായുള്ള ചുമതല പത്തനംതിട്ട എസ്.പി. ആർ. ആനന്ദിനെ ഏൽപ്പിച്ചിട്ടുണ്ട്.
അയ്യപ്പഭക്തരോടുള്ള പൊലീസിന്റെ പെരുമാറ്റവുമായി ബന്ധപ്പെട്ട പരാതികൾ ശബരിമലയിൽ പുതിയതല്ല. മുൻകാലങ്ങളിൽ തിരക്ക് അനിയന്ത്രിതമാകുമ്പോൾ ഭക്തരെ തള്ളിനീക്കുകയും വടി ഉപയോഗിക്കുകയും ചെയ്ത സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ദർശനത്തിനെത്തുന്നവരെ ‘സ്വാമി’ എന്ന് അഭിസംബോധന ചെയ്യണമെന്നും, തിരക്ക് നിയന്ത്രിക്കാൻ ഒരു കാരണവശാലും വടി ഉപയോഗിക്കരുതെന്നും,
അപമര്യാദയായി പെരുമാറരുതെന്നും മുൻപും കർശന നിർദ്ദേശങ്ങൾ നൽകിയിരുന്നു. അതേസമയം, ശബരിമല ഡ്യൂട്ടിയിൽ കേരള പൊലീസ് സേന നേടിയെടുത്ത സത്പേര് ചെറുതല്ല. ലക്ഷക്കണക്കിന് ഭക്തരുടെ തിരക്കിനിടയിലും അതീവ ക്ഷമയോടെ ക്രമീകരണങ്ങൾ പാലിക്കുകയും, വഴിതെറ്റിപ്പോകുന്നവരെയും അവശരായവരെയും സഹായിക്കുകയും ചെയ്യുന്ന നിരവധി ഉദ്യോഗസ്ഥരെക്കുറിച്ചുള്ള നല്ല അനുഭവങ്ങളും ഭക്തർ എപ്പോഴും പങ്കുവെക്കാറുണ്ട്.




