News

പൊലീസിനെയും ആഭ്യന്തരമന്ത്രിയെയും വെല്ലുവിളിച്ച കേസ്; അർജുൻ ആയങ്കി പൊലീസ് കസ്റ്റഡിയിൽ

കോതമംഗലം: പൊലീസിനെയും ആഭ്യന്തരമന്ത്രിയെയും വെല്ലുവിളിച്ച കേസിൽ അറസ്റ്റിലായ ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കോതമംഗലം ഊന്നുകൽ സി.ഐയെ ഭീഷണിപ്പെടുത്തിയ കേസിലാണ് കോതമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രതിയെ കസ്റ്റഡിയിൽ വിട്ടത്. റിമാൻഡിലായിരുന്ന അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ വാങ്ങാനായി കോതമംഗലം പോലീസ് കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു.

ഫേസ്ബുക്കിലൂടെ വെല്ലുവിളി പോസ്റ്റുകൾ ഇട്ടത് താൻ തന്നെയാണ് എന്ന് അർജുൻ ആയങ്കി പൊലീസിന് മൊഴി നൽകി. സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവെക്കാൻ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള വൈഫൈ കണക്ഷനുകളാണ് ഇയാൾ ഉപയോഗിച്ചിരുന്നത്.

അർജുൻ ആയങ്കിയെ പിടികൂടിയ അഭിഭാഷകയുടെ അപ്പാർട്ട്മെന്റിന് സമീപത്തുനിന്നും ഭീഷണി പോസ്റ്റുകൾ ഇടാൻ ഉപയോഗിച്ച ഐഫോൺ 16 പ്രോ ഫോൺ പൊലീസ് കണ്ടെടുത്തു. അപ്പാർട്ട്മെന്റിലെ ഷൂ റാക്കിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഫോൺ. മുൻപ് അർജുൻ പിടിയിലായപ്പോൾ പൊലീസ് മറ്റൊരു വിവോ ഫോൺ കണ്ടെത്തിയിരുന്നുവെങ്കിലും, ഈ ഫോണിൽ നിന്നല്ല വിവാദ പോസ്റ്റുകൾ ഇട്ടതെന്ന് പിന്നീട് വ്യക്തമാവുകയായിരുന്നു.

പൊലീസിനെയും സർക്കാരിനെയും വെല്ലുവിളിച്ച് ഒളിവിൽ കഴിയുകയായിരുന്ന അർജുൻ ആയങ്കിയെ കണ്ണൂരിൽ നിന്നാണ് പിടികൂടിയത്. പുലർച്ചെ രണ്ടരയോടെ ഡി.ഐ.ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് സിനിമ സ്റ്റൈലിൽ ഓടിച്ചിട്ട് ഇയാളെ പിടികൂടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button