News

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തത് ഗുരുതര വീഴ്ച’; മോഹനൻ കുന്നുമ്മലിനെതിരെ മന്ത്രി റോജി എം. ജോൺ

തിരുവനന്തപുരം: ആർ.എസ്.എസ്. പരിപാടിയിൽ പങ്കെടുത്ത ഡോ. മോഹനൻ കുന്നുമ്മലിന്റെ നടപടി വൈസ് ചാൻസലർ പദവിക്ക് നിരക്കാത്തതാണെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടന്ന വീതംവെപ്പിന്റെ ഭാഗമായിട്ടാണ് മോഹനൻ കുന്നുമ്മൽ വി.സി. ആയത്. വൈസ് ചാൻസലർമാർ രാഷ്ട്രീയപ്പാർട്ടികളുടെ പരിപാടികളിൽ പങ്കെടുത്ത് പ്രത്യയശാസ്ത്ര ധ്രുവീകരണം നടത്തുന്നത് ശരിയായ നടപടിയല്ലെന്നും മന്ത്രി വ്യക്തമാക്കി.

കോതമംഗലം എം.എ. കോളേജിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ സർവകലാശാലയുടെ മാനദണ്ഡങ്ങളുമായി മുന്നോട്ടുപോകാമെന്ന് കോളേജ് മാനേജ്മെന്റ് അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. നേരത്തെയും എം.എ. കോളേജിലെ വിദ്യാർത്ഥികൾ തന്നെ വന്ന് കണ്ടിരുന്നു.

വിദ്യാർത്ഥിയുടെ മരണത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് ചില പ്രായോഗിക തടസ്സങ്ങളുണ്ട്. കൊച്ചിയിൽ നിന്ന് ദില്ലിയിലേക്കും, അവിടെ നിന്ന് ഇറ്റാനഗറിലേക്കും മൃതദേഹം എത്തിക്കണം. ഇവിടെ നിന്ന് ഏറെ ദൂരെയാണ് വിദ്യാർത്ഥിയുടെ നാട്. മൃതദേഹം നാട്ടിലെത്തിക്കാൻ സർക്കാരിനെക്കൊണ്ട് കഴിയുന്ന എല്ലാ സഹായങ്ങളും ചെയ്തുനൽകുമെന്നും മന്ത്രി ഉറപ്പുനൽകി.

കണ്ണൂർ സർവ്വകലാശാലയിൽ ഐഷി ഘോഷ് പങ്കെടുക്കേണ്ടിയിരുന്ന ‘ഷീ ഫെസ്റ്റ്’ പരിപാടിക്ക് അനുമതി നിഷേധിച്ച സംഭവം നിർദ്ദിഷ്ട രീതിയിൽ കൃത്യമായി അപേക്ഷ നൽകാത്തതുകൊണ്ടാണെന്ന് മന്ത്രി റോജി എം. ജോൺ അറിയിച്ചു. ആര് പങ്കെടുക്കുന്നു എന്ന് നോക്കിയല്ല സർവ്വകലാശാല നടപടിയെടുത്തത്.

ഓരോ പരിപാടിക്കും അതിന്റേതായ രീതിയിൽ മുൻകൂട്ടി അപേക്ഷ നൽകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാലടി സർവകലാശാലയിൽ എസ്.എഫ്.ഐ. നടത്തിയത് അപരിഷ്കൃതമായ സമരമാണെന്ന് മന്ത്രി വിമർശിച്ചു. അവിടെ വി.സിയെ ആക്രമിക്കാൻ ശ്രമം നടന്നു. ഇതിൽ വി.സി. നൽകിയ പരാതിയിലാണ് പോലീസ് നടപടിയെടുത്തത്. ജനാധിപത്യപരമായ സമരങ്ങൾക്ക് സർക്കാർ എതിരല്ല. എന്നാൽ അക്രമസമരങ്ങളെ പ്രോത്സാഹിപ്പിക്കാനാകില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button