‘സീറ്റ് കിട്ടാത്തത് എനിക്കൊരു പ്രശ്നമേ അല്ല, എന്റെ അഭിപ്രായങ്ങൾ കേൾക്കാൻ ബിജെപി നേതൃത്വം തയ്യാറായില്ല’

ആലപ്പുഴ: രാജിപ്രഖ്യാപനത്തിന് പിന്നാലെ ബിജെപിക്കെതിരെ വിമർശനവുമായി നടൻ ദേവൻ. തന്റെ അഭിപ്രായങ്ങൾ കേൾക്കാൻ നേതൃത്വം തയ്യാറായില്ലെന്ന് അദ്ദേഹം വിമർശിച്ചു. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ പവതവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്വകാര്യ ചാനലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രാജി പ്രഖ്യാപനം പെട്ടെന്നുണ്ടായ തീരുമാനമല്ലെന്നും കഴിഞ്ഞ ഒരുവർഷമായി താൻ ഈ തീരുമാനം എടുത്തിട്ടെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രത്തിലെ ബിജെപി നേതൃത്വവുമായല്ല കേരളത്തിലെ ബിജെപി നേതൃത്വവുമായാണ് തനിയ്ക്ക് അഭിപ്രായവ്യത്യാസമുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സീറ്റ് കിട്ടാത്തത് എനിക്കൊരു പ്രശ്നമേ അല്ല. ഒരു സിനിമാ നടനായ താൻ രാഷ്ട്രീയത്തിലേക്ക് വന്നത് എംഎൽഎയോ എംപിയോ മന്ത്രിയോ ആകാനല്ലെന്നും ദേവൻ പറഞ്ഞു. ഒരു രാഷ്ട്രീയ പാർട്ടി തുടങ്ങി എന്തെങ്കിലും മാറ്റം ഉണ്ടാകണം എന്ന് ആഗ്രഹിച്ച ആളാണ് താൻ. മരിക്കുന്നതിന് മുമ്പ് എന്തെങ്കിലുമൊക്കെ ചെയ്യണം, ഇനിയും കാത്തിരിക്കാൻ വയ്യെന്നും അദ്ദേഹം വ്യക്തമാക്കി.’
എന്റെ പാർട്ടി ബിജെപിയിൽ ലയിച്ചപ്പോൾ മുന്നോട്ടുവച്ച കുറേ കാര്യങ്ങൾ ഒന്നും നടപ്പായില്ല, എങ്കിലും ഞാൻ ആത്മാർത്ഥതയോടെയാണ് പ്രവർത്തിച്ചത്. ബിജെപി തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന തന്ത്രങ്ങളിൽ എനിക്ക് അഭിപ്രായ വ്യത്യാസമുണ്ട്. അത് പ്രകടിപ്പിക്കാൻ ഒരു വേദിയ്ക്കായി ഞാൻ കഴിഞ്ഞ ആറുമാസമായി പരിശ്രമിച്ചിട്ടും അതിന് സാധിച്ചില്ല. ഒരു ഉപാദ്ധ്യക്ഷനായ എന്നെ കേൾക്കാൻ അദ്ധ്യക്ഷനായ രാജീവ് ചന്ദ്രശേഖർ തയ്യാറായില്ല.’ – ദേവൻ പറഞ്ഞു.കഴിഞ്ഞദിവസമാണ് ബിജെപിയിൽ നിന്ന് രാജിവയ്ക്കുന്നതായി ദേവൻ പ്രഖ്യാപിച്ചത്.
കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ നടന്ന പരിപാടിയിലായിരുന്നു പ്രഖ്യാപനം. നിലവിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റാണ് അദ്ദേഹം. ‘ശ്രീനാരായണ ഗുരുദേവൻ ദർശനങ്ങളാണ് എന്റെ രാഷ്ട്രീയം. അത് നടപ്പാക്കാൻ എനിക്ക് കഴിയുന്നില്ല. സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും പാർട്ടിയിലെ പ്രാഥമിക അംഗത്വവും രാജിവയ്ക്കുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് തന്നെ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ആ പ്രശ്നങ്ങളിലേക്ക് ഞാൻ ഇപ്പോൾ കടക്കുന്നില്ല’- എന്ന് ദേവൻ വ്യക്തമാക്കിയിരുന്നു.



