News

വന്ദേമാതരം വിവാദം കത്തുന്നു; സോണിയക്കെതിരെ കേസിന് പൊലീസ് നിയമോപദേശം തേടി

ന്യൂഡൽഹി: എഐസിസി ആസ്ഥാനത്ത് സ്വാതന്ത്ര്യദിനത്തിൽ വന്ദേമാതരം ആലപിക്കുന്നത് തടയാൻ ശ്രമിച്ചെന്ന് കോൺഗ്രസ് നേതാവ് സോണിയാഗാന്ധിക്കെതിരെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും പരാതികൾ ലഭിച്ചിരുന്നു. ഡൽഹിയിലും ബംഗളൂരുവിലും മംഗളൂരുവിലുമാണ് സോണിയയ്‌ക്കെതിരെ പരാതികൾ കിട്ടിയിരിക്കുന്നത്. വന്ദേമാതരം ആലാപനത്തെ സോണിയാ ഗാന്ധി തടസപ്പെടുത്താൻ ശ്രമിച്ചെന്ന് യുവമോർച്ചയാണ് ബംഗളൂരുവിൽ മല്ലേശ്വരം പൊലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടത്.

മംഗളൂരുവിൽ ഉർവ പൊലീസ് സ്റ്റേഷനിൽ ബിജെപി നേതാക്കളായ വികാസ് കെ, രാജഗോപാൽ എന്നിവരാണ് പരാതിപ്പെട്ടത്.രാജ്യതലസ്ഥാനത്തും സോണിയക്കെതിരെ പരാതി എത്തിയിട്ടുണ്ട്. വന്ദേമാതരത്തെ അപമാനിച്ചു എന്നുള്ള ബിജെപി നൽകിയ പരാതിയിൽ പൊലീസ് ഇതുവരെ കേസെടുത്തില്ല. നിയമോപദേശം ലഭിച്ചശേഷം മാത്രമേ കേസ് രജിസ്റ്റർ ചെയ്യൂവെന്നാണ് ഡൽഹി പൊലീസിന്റെ തീരുമാനം.

ഇതിനിടെ സോണിയ ഗാന്ധി നിരുപാധികം മാപ്പ് പറയണമെന്ന് വന്ദേമാതരം രചിച്ച ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ബന്ധുവും പശ്ചിമബംഗാളിലെ ബി.ജെ.പി എം.എൽ.എയുമായ സുമിത്രോ ചാറ്റർജി ആവശ്യപ്പെട്ടു. എ.ഐ.സി.സി ആസ്ഥാനത്ത് നടന്നത് ചരിത്രപരമായ തെറ്റിന്റെ ലജ്ജാകരമായ ആവർത്തനമാണെന്ന് സോണിയയ്ക്ക് അയച്ച കത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. 1937ൽ മുഹമ്മദ് അലി ജിന്നയുടെ എതിർപ്പുകൾക്ക് വഴങ്ങി വന്ദേമാതരം വെട്ടിച്ചുരുക്കിയ പാർട്ടി വീണ്ടും തെറ്റ് ആവർത്തിക്കുന്നു.

ഗാനത്തെ ബഹുമാനിക്കുന്നത് സ്വാതന്ത്ര്യസമര ചരിത്രത്തെ ബഹുമാനിക്കുന്നതിന് തുല്യമാണെന്നും സുമിത്രോ പറഞ്ഞു.അതേസമയം സോണിയാ ഗാന്ധിക്കെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷായും ശക്തമായ ആരോപണവുമായി രംഗത്തെത്തിയിരുന്നു. വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി കോൺഗ്രസ് ചെയ്തത് ലജ്ജയില്ലാത്ത നടപടിയാണ്. ആ പാപം രാജ്യത്തെ 140 കോടി ജനങ്ങൾ പൊറുക്കില്ലെന്നും സോണിയ രാജ്യത്തോട് മാപ്പുപറയണമെന്നും അമിത്‌ ഷാ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button