News

‘പോസ്റ്റുകൾ നീക്കം ചെയ്തത് ആരും പറഞ്ഞിട്ടല്ല’; വിശദീകരണവുമായി മെറ്റ

തിരുവനന്തപുരം: വാർത്താമാദ്ധ്യമങ്ങളുടെ ഫേസ്‌ബുക്ക് പോസ്റ്റുകൾ നീക്കം ചെയ്തതിൽ വിശദീകരണവുമായി മെറ്റ. പോസ്റ്റുകൾ നീക്കം ചെയ്തത് ആരുടെയും നിർദേശപ്രകാരമല്ലെന്നും കമ്പനിയുടെ എഐ സോഫ്‌ട്‌വെയർ അപ്‌ഡേഷന്റെ ഭാഗമായി സംഭവിച്ച സാങ്കേതികപ്പിഴവാണെന്നുമാണ് വിശദീകരണം. മെറ്റയുടെ ഇന്ത്യയിലെ നോഡൽ ഓഫീസർ കേരള പൊലീസിന്റെ സൈബർ ഓപ്പറേഷൻ വിംഗിനെ ഇക്കാര്യമറിയിക്കുകയായിരുന്നു.

കേരളത്തിൽ മാത്രമല്ല, രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ഇത്തരത്തിൽ പോസ്റ്റുകൾ നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. സാങ്കേതിക തകരാർ പരിഹരിച്ചിട്ടുണ്ട്. നീക്കം ചെയ്യപ്പെട്ട എല്ലാ പോസ്റ്റുകളും പുനഃസ്ഥാപിച്ചതായും മെറ്റ അറിയിച്ചു. സൈബർ ഓപ്പറേഷൻ വിംഗ് വിശദീകരണം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് മെറ്റയുടെ പ്രതികരണം.പോസ്റ്റുകൾ നീക്കം ചെയ്യപ്പെട്ടതിന് പിന്നിൽ മുഖ്യമന്ത്രി വി ഡി സതീശനാണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.

വിവാദമായതോടെ സംഭവത്തിൽ പങ്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും പൊലീസിന്റെ സൈബർ വിഭാഗവും വ്യക്തമാക്കിയിരുന്നു. മെറ്റയ്ക്ക് കത്തെഴുതാൻ തയ്യാറാണെന്നും വാർത്തകൾ നീക്കം ചെയ്യിക്കാൻ തനിക്ക് മെറ്റയിൽ യാതൊരു സ്വാധീനവുമില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു.

തന്റെ ഓഫീസിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജായ ‘സിഎംഒ കേരള’ ലഭ്യമാക്കിത്തരണം എന്നത് മാത്രമാണ് മെറ്റയോട് ഇതുവരെ ആവശ്യപ്പെട്ടിട്ടുള്ളത്. അപേക്ഷ നൽകിയിട്ട് രണ്ടുമാസമായി. എന്നാൽ അക്കൗണ്ട് ഇതുവരെ ലഭ്യമായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button