
കാസർകോട് ചൊക്ലി ഹെൽത്ത് ഇൻസ്പെക്ടർ ദീപ ലേഖയുടെ മരണത്തിൽ സർക്കാരിനെ വിമർശിച്ച് എംവി ഗോവിന്ദൻ. ദീപ ലേഖ മരിച്ചത് മനോവിഷമം മൂലമെന്ന് പറഞ്ഞ എംവി ഗോവിന്ദൻ ജീവനക്കാരെ മാനുഷിക പരിഗണന നോക്കാതെ സ്ഥലം മാറ്റുന്നുവന്നും വിമർശിച്ചു.
ഇന്ന് രാവിലെ 10 മണിയോടെയാണ് പഞ്ചായത്ത് ഓഫീസിൽ വച്ച് ദീപ ലേഖ കുഴഞ്ഞുവീണത്. ചൊക്ലിയിൽ നിന്ന് പിണറായിയിലേക്ക് സ്ഥലം മാറ്റിയെന്ന ഉത്തരവ് ഇന്നലെ വന്നിരുന്നു. ഇതിന്റെ സങ്കടത്തിലായിരുന്നു ദീപ ലേഖയെന്ന് സഹപ്രവർത്തകർ പറയുന്നു. 51കാരിയായ ദീപ ലേഖ കഴിഞ്ഞ ഫെബ്രുവരിയിലാണ് ചൊക്ലി പഞ്ചായത്തിലേക്ക് സ്ഥലം മാറി എത്തിയത്. വാഹനാപകടത്തെ തുടർന്ന് നാല് മാസമായി ചികിത്സയിലായിരുന്നു.
എൻജിഒ യൂണിയൻ അംഗമായ ദീപയെ രണ്ടാഴ്ച മുമ്പ് ചൊക്ലിയിൽ നിന്ന് മട്ടന്നൂർ നഗരസഭയിലേക്ക് സ്ഥലം മാറ്റി ഉത്തരവിറങ്ങി. അപകടത്തെ തുടർന്നുള്ള സാഹചര്യം പറഞ്ഞ് ഡിഎംഒയ്ക്ക് കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് 16 കിലോ മീറ്റർ അകലെയുള്ള പിണറായിയിലേക്ക് മാറ്റിക്കൊണ്ട് ഇന്നലെ പുതിയ ഉത്തരവ് വന്നത്. ദീപ ലേഖയുടെ മരണം സ്ഥലം മാറ്റത്തിലെ മാനസിക വിഷമം മൂലമെന്ന ആരോപണവുമായി സിപിഎമ്മും രംഗത്തെത്തിയിരുന്നു.




