News

‘കുഞ്ഞുങ്ങൾ കിടന്ന മുറിയിലും പരിശോധന നടത്തി’; അർജുനെ നേരിട്ട് കണ്ടിട്ടില്ലെന്ന് നേതാവ്

പത്തനംതിട്ട: സാമൂഹിക മാധ്യമങ്ങളിലല്ലാതെ ജീവിതത്തിൽ ഇതുവരെ അർജുൻ ആയങ്കിയെ നേരിട്ട് കണ്ടിട്ടില്ലെന്ന് മല്ലപ്പള്ളി ഈസ്റ്റ് ലോക്കൽ സെക്രട്ടറി നിതിൻകുമാർ. അർജുൻ ആയങ്കിയെ കണ്ടെത്തുന്നതിൻ്റെ ഭാ​ഗമായി നിതിൻ്റെ വീട്ടിലും പൊലീസ് പരിശോധനയ്ക്ക് എത്തിയിരുന്നു.

നിതിന്റെയും സമീപത്തെയും വീടുകളിൽ എട്ടു വണ്ടി പൊലീസ് ആണ് പരിശോധനയ്ക്ക് എത്തിയത്. ആയങ്കി ഒളിച്ചിരിപ്പുണ്ടെന്ന് ഫോൺ വഴി നാട്ടുകാർ വിളിച്ചുപറഞ്ഞത് അനുസരിച്ചാണ് പൊലീസ് എത്തിയത്. കുഞ്ഞുങ്ങൾ ഉറങ്ങി കിടന്ന മുറിയിൽ കയറി കട്ടിലിനു അടിയിൽ വരെ പൊലീസ് പരിശോധിച്ചുവെന്നും നിതിൻകുമാർ പറയുന്നു.

പുലർച്ചെ രണ്ടരയോടെ കണ്ണൂർ നഗരത്തിൽ നിന്നുമാണ് അർജുൻ ആയങ്കിയെ പിടികൂടിയത്. അഭിഭാഷകരെ കാണാനെത്തിയപ്പോഴാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസിനെ വെല്ലുവിളിച്ച്, കണ്ണൂർ തളിപ്പറമ്പിലെ ഒരു അപാർട്ട്മെൻ്റിലാണ് അർജുൻ ഒളിവിൽ കഴിഞ്ഞിരുന്നത്. അതേസമയം, ആയങ്കിക്കെതിരെ കാപ്പ ചുമത്താനാണ് പൊലീസ് നീക്കം.

23 കേസുകളിൽ പ്രതിയായ അർജുൻ കൊടും ക്രിമിനലെന്ന് പൊലീസ് റിപ്പോർട്ട് നൽകും.2014 മുതൽ അർജുൻ സ്ഥിരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന വ്യക്തിയാണെന്ന് പല കേസുകളിലും നേരത്തെ കുറ്റപത്രം നൽകിയിരുന്നു. അർജുനെതിരെ വളപ്പട്ടണം പൊലീസ് സ്റ്റേഷനിൽ മാത്രമുള്ളത് 12 കേസുകളാണ്. പുതിയ കേസുകൾ ഉൾപ്പെടെ ആകെ 23 കേസുകളിൽ അർജുൻ പ്രതിയാണ്. ഉടൻ കാപ്പ ചുമത്താനുള്ള റിപ്പോർട്ട്‌ കളക്ടർക്ക് നൽകാനാണ് നീക്കം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button