മൊജ്തബ ഖമനേയി ആരോഗ്യവാൻ; സംസാരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് ഇറാൻ

ടെഹ്റാൻ: ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനേയിയുടെ (56) ആരോഗ്യനില അതീവ ഗുരുതരമാണെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അദ്ദേഹം മരണത്തോട് മല്ലിടുകയാണെന്നും മുതിർന്ന ഉദ്യോഗസ്ഥർ ആശങ്കയിലാണെന്നുമായിരുന്നു റിപ്പോർട്ട്. ചില സർക്കാർ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ‘ഇറാൻവയർ’ ആണ് റിപ്പോർട്ട് ആദ്യം പുറത്തുവിട്ടത്. എന്നാൽ, ഇതിനെല്ലാം വിപരീതമായി മൊജ്തബ ആരോഗ്യവാനായിരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് ഇറാന്റെ വാർത്താ ഏജൻസിയായ മെഹർ ന്യൂസ്.
വീഡിയോയിൽ മൊജ്തബ ഖമനേയി ചിലർക്കൊപ്പമിരുന്ന് സംസാരിക്കുന്നത് കാണാം. പക്ഷേ, ഈ വീഡിയോ എപ്പോൾ ചിത്രീകരിച്ചതാണെന്ന് വ്യക്തമല്ല. വീഡിയോയുടെ വിശ്വാസ്യതയും സ്ഥിരീകരിച്ചിട്ടില്ല. ഇറാൻ മാദ്ധ്യമം പുറത്തുവിട്ടത് പഴയ വീഡിയോ ആണെന്നും മൊജ്തബയുടെ ആരോഗ്യനിലയെക്കുറിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും വിമർശനം ഉയരുകയാണ്.
യുദ്ധത്തിന് മുമ്പുള്ള പഴയ വീഡിയോകൾ ഇറാൻ മാദ്ധ്യമം പങ്കുവയ്ക്കുന്നത് അവരുടെ പ്രതിസന്ധിയാണ് കാണിക്കുന്നതെന്നും യുണൈറ്റഡ് എഗെയ്ൻസ്റ്റ് ന്യൂക്ലിയർ ഇറാൻ എന്ന സംഘടനയുടെ പോളിസി ഡയറക്ടറായ ജേസൺ ബ്രോഡ്സ്കി എക്സിൽ കുറിച്ചു.മൊജ്തബയുടെ നില അതീവ ഗുരുതരമാണെന്ന് ഇസ്രയേലി മാദ്ധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.
ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിൽ പിതാവും ഇറാൻ മുൻ പരമോന്നത നേതാവുമായ അയത്തൊള്ള അലി ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് മൊജ്തബ ഖമനേയിയെ പരമോന്നത നേതാവാക്കിയത്. ഇതേ ആക്രമണത്തിൽ മൊജ്തബയ്ക്കും പരിക്കേറ്റിരുന്നതായി റിപ്പോട്ടുകളുണ്ടായിരുന്നു. പിന്നീട് അദ്ദേഹം ഒരു പൊതു പരിപാടികളിലും പങ്കെടുത്തിട്ടില്ല. പിതാവിന്റെ സംസ്കാര ചടങ്ങിലും മൊജ്തബയെ കാണാൻ കഴിഞ്ഞില്ല.




