സ്ഥിരം മയക്കുമരുന്ന് കേസുകളില്‍ പ്രതികൾ, നാല് യുവാക്കളെ പിടികൂടി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അടച്ചു

കോഴിക്കോട്: നിരവധി മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെട്ട നാല് യുവാക്കളെ പ്രത്യേക നിയമം ചുമത്തി ജയിലില്‍ അടച്ചു. കോഴിക്കോട് നല്ലളം സ്വദേശി സാജിദ് ജമാല്‍ അഹമ്മദ് (26), ചാലിയം കടലുണ്ടി സ്വദേശി അബുതാഹിര്‍(26), വാണിമേല്‍ സ്വദേശി ഷംസീര്‍(36), മലപ്പുറം പടിഞ്ഞാറ്റുംമുറി സ്വദേശി ഷാഹിദ് ഹുസ്സൈന്‍(29) എന്നിവരെയാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അടച്ചത്.
കസബ, മെഡിക്കല്‍ കോളേജ്, ഫറോക്ക് പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍മാര്‍ നല്കിയ പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരം കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മിഷണര്‍ സമര്‍പ്പിച്ച ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നടപടി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലടയ്ക്കുകയായിരുന്നു.
നല്ലളം പോലീസ് സ്റ്റേഷന് പരിധിയിലെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട സാജിദ് ജമാല്‍ അഹമ്മദ് മാങ്കാവ് റോയല്‍ എന്‍ഫീല്‍ഡ് ഷോറൂമിന്റെ സമീപത്തു വെച്ച് കാറില്‍ നിന്നും വില്‍പ്പനക്കായി സൂക്ഷിച്ച 36.320 ഗ്രാം എം.ഡി.എം.എ യുമായി പിടിയിലായി ജാമ്യത്തില്‍ കഴിഞ്ഞു വരവേയാണ് വീണ്ടും അറസ്റ്റിലാകുന്നത്.
ബേപ്പൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട അബു താഹിര്‍ 2026 മാര്‍ച്ചില്‍ രാമനാട്ടുകര സ്പേസ് റസിഡന്‍സി എന്ന ലോഡ്ജില്‍ നിന്നും വില്‍പ്പനക്കായി കൈവശം വെച്ച 21.77 ഗ്രാം എം.ഡി.എം.എ യുമായി പിടിയിലായി ജാമ്യത്തില്‍ കഴിഞ്ഞു വരികയായിരുന്നു. തേഞ്ഞിപ്പാലം പോലീസ് സ്റ്റേഷന് പരിധിയിലെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട ഷാഹിദ് ഹുസ്സൈന്‍ രാമനാട്ടുകര വെച്ച് 21.77 ഗ്രാം എം.ഡി.എം.എ യുമായി പിടിയിലായി ജാമ്യത്തില്‍ കഴിഞ്ഞു വരവേയാണ് വീണ്ടും പിടിയിലാകുന്നത്.
ഷംസീറിനെ മിംസ് ആശുപത്രിക്കടുത്തുള്ള മര്‍ഹബ റൂംസ് എന്ന ലോഡ്ജില്‍ വെച്ച് 709.52 എം.ഡി.എം.എ യുമായി അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തില്‍ കഴിഞ്ഞു വരവേയാണ് വീണ്ടും അറസ്റ്റിലാകുന്നത്. എന്‍.ഡി.പി.എസ് നിയമത്തിലെ 68 എഫ് വകുപ്പ് പ്രകാരം മയക്കുമരുന്ന് കടത്താന്‍ ഉപയോഗിക്കുന്ന വാഹനം, ഇവര്‍ ലഹരി വില്പനയിലൂടെ സമ്പാദിച്ച മുഴുവന്‍ സ്വത്തുവകകളും കണ്ടുകെട്ടുന്നതോടൊപ്പം ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്നതടക്കമുള്ള നടപടികളും പോലീസ് സ്വീകരിച്ചുവരുന്നുണ്ട്.




