കെ എം ബഷീറിന്റെ മരണം; ഭാര്യയുടെ ഹർജിയിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതി നോട്ടീസ്

കൊച്ചി: സിറാജ് പത്രത്തിന്റെ മുൻ ബ്യൂറോ ചീഫ് കെ എം ബഷീറിന്റെ മരണത്തിൽ സംസ്ഥാന സർക്കാരിന് നോട്ടീസ് അയച്ച് ഹൈക്കോടതി. വിചാരണക്കോടതി മാറ്റിയതുമായി ബന്ധപ്പെട്ട ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബഷീറിന്റെ ഭാര്യ ജസീല ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് നടപടി. ഒരാഴ്‌ചയ്ക്കകം മറുപടി നൽകണമെന്നാണ് സർക്കാരിനോട് കോടതി നിർദേശിച്ചിരിക്കുന്നത്.
തിരുവനന്തപുരം സെഷൻസ് കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്തായിരുന്നു ഹർജി സമർപ്പിച്ചത്. കോടതി മാറ്റിയത് പ്രതിഭാഗം അഭിഭാഷകന്റെ താത്‌പര്യപ്രകാരമാണെന്നായിരുന്നു ബഷീറിന്റെ ഭാര്യ ഹർജിയിൽ ആരോപിച്ചത്. വിചാരണ നീതിപൂർവം നടക്കുമോയെന്നതിൽ ആശങ്കയുണ്ട്. നേരത്തെ കേസ് പരിഗണിച്ച സെഷൻസ് കോടതി ഒന്നിലേയ്ക്ക് കേസ് മാറ്റണം. നിലവിലുള്ള പ്രോസിക്യൂട്ടർക്ക് പരിചയസമ്പത്തില്ല.
അതിനാൽ പ്രോസിക്യൂട്ടറെ മാറ്റണം. സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനാണ് കേസിലെ ഏക പ്രതി. പ്രതിക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യ, അപകടകരമായി വാഹനം ഓടിക്കൽ, മദ്യപിച്ച് വാഹനം ഓടിക്കൽ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. 2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെയാണ് ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫ ഫിറോസും സഞ്ചരിച്ച കാറിടിച്ച് ബഷീർ കൊല്ലപ്പെട്ടത്.




