ബിജെപി സമരത്തിന് ജനവിധി? മൂന്ന് ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന്

പാട്‌ന:വിദ്യാഭ്യാസമന്ത്രിയായിരുന്ന ധർമേന്ദ്ര പ്രധാന്റെ രാജിക്ക് ശേഷമുള്ള ആദ്യ ജനവിധി തേടുന്ന ബിജെപിക്ക് ഇന്ന് നിർണായകം. പ്രശാന്ത് കിഷോർ ജൻ സുരാജ് പാർട്ടി രൂപീകരിച്ച ശേഷം ആദ്യമായി മത്സരിക്കുന്ന ബീഹാറിലെ ബൻകിപൂർ, ഗുജറാത്തിലെ മൻജൽപൂർ, മദ്ധ്യപ്രദേശിലെ ദതിയ എന്നിവിടങ്ങളിലെ ജനവിധി ഇന്നറിയാം.
ബിജെപി ദേശിയ അദ്ധ്യക്ഷൻ നിതിൻ നബീൻ എംഎൽഎ സ്ഥാനമൊഴിഞ്ഞതോടെയാണ് ബൻകിപൂരിൽ തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ആദ്യമായി തിരഞ്ഞെടുപ്പ് ഗോദയിലെത്തുന്ന പ്രശാന്ത് കിഷോറും, ബിജെപിയും ആർജെഡിയും തമ്മിലാണ് ഇവിടെ മത്സരം. നീരജ് കുമാർ സിൻഹയെയാണ് ബിജെപി കളത്തിലിറക്കിയത്.
കോൺഗ്രസ് നേതാവും എംഎൽഎയുമായ രാജേന്ദ്ര ഭാരതിയെ ഡൽഹി ഹൈക്കോടതി മൂന്ന് വർഷം തടവുശിക്ഷയ്‌ക്ക് വിധിച്ചതിനെ തുടർന്ന് ഒഴിവുവന്ന സീറ്റിലാണ് ദതിയയിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. മുൻ മന്ത്രിയായ നരോത്തം മിശ്രയെയാണ് ഇവിടെ ബിജെപി രംഗത്തിറക്കിയിരുന്നത്. ഇത്തവണ പക്ഷെ അശുതോഷ് തിവാരിയാണ് സ്ഥാനാർത്ഥി.
മുൻ മന്ത്രിയും ബിജെപി നേതാവുമായ യോഗേഷ് പട്ടേലിന്റെ മരണത്തെ തുടർന്നാണ് ഗുജറാത്തിലെ മഞ്ജൽപൂരിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഇവിടെ 37.5 ശതമാനം പേർ മാത്രമാണ് സമ്മതിദാനാവകാശം ഇത്തവണ നിർവഹിച്ചത്.




