‘റീലിൽ മാപ്പ് പറഞ്ഞാൽ മതിയോ?’; കേസുകൾ പിൻവലിക്കുമോയെന്ന് ചോദിച്ച് അഭിജീത്ത് ദീപ്കെ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ ഇൻസ്റ്റാഗ്രാം വീഡിയോയ്ക്ക് മറുപടിയുമായി കോക്ക്റോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത്ത് ദീപ്കെ രംഗത്ത്. പ്രതിഷേധങ്ങൾക്കിടെ തനിക്കെതിരെ അസഭ്യവർഷം നടത്തിയ വിദ്യാർത്ഥികൾക്ക് മാപ്പു നൽകിയെന്ന് പറയുന്ന മോദിയുടെ വീഡിയോയെ പരിഹസിച്ചാണ് ദീപ്കെ രംഗത്തെത്തിയത്.
“റീലിൽ മാത്രമാണോ മാപ്പ് നൽകുന്നത്, അതോ കേസുകളും പിൻവലിക്കുമോ?” എന്ന് ചോദിച്ച ദീപ്കെ, മാപ്പ് നൽകുന്ന മോദി പ്രതിഷേധക്കാർക്കെതിരെ ചുമത്തിയ കേസുകൾ സർക്കാർ പിൻവലിക്കുമോ എന്നും വ്യക്തമാക്കാൻ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ ഇൻസ്റ്റാഗ്രാം വീഡിയോയ്ക്ക് താഴെയുള്ള കമന്റ് ബോക്സിലാണ് ദീപ്കെയുടെ ഈ ചോദ്യമുള്ളത്. ജെൻസികൾക്കിടയിൽ ഏറെ പ്രചാരമുള്ള ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ, തനിക്കെതിരെ ഉയർന്ന അസഭ്യവും ആക്ഷേപകരമായ പരാമർശങ്ങൾ അടങ്ങിയ വൈറൽ വീഡിയോകളെക്കുറിച്ചായിരുന്നു പ്രധാനമന്ത്രി സംസാരിച്ചത്.
ജന്തർമന്തറിലെ വിദ്യാർത്ഥി പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിയെ അധിക്ഷേപിച്ചതിന് നോയിഡയിൽ നിന്നുള്ള ഒരു കൗമാരക്കാരനെതിരെ കേസെടുത്തതിനെച്ചൊല്ലിയുള്ള വിവാദങ്ങൾക്കിടയിലാണ് ഈ വീഡിയോ പുറത്തുവന്നത്. ചോർന്ന പരീക്ഷാ പേപ്പറുകളെക്കുറിച്ചും വിദ്യാഭ്യാസ സമ്പ്രദായത്തിലെ ക്രമക്കേടുകളെക്കുറിച്ചും ഉണ്ടായ ശക്തമായ പ്രതിഷേധങ്ങൾ ഒടുവിൽ കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ്റെ രാജിയിലാണ് കലാശിച്ചത്.
“ചില യുവാക്കൾ അതിരൂക്ഷമായ ഭാഷയിൽ എന്നെ വ്യക്തിപരമായി അധിക്ഷേപിച്ചു; എന്റെ പരേതയായ അമ്മയെപ്പോലും മോശമായ വാക്കുകളാൽ അധിക്ഷേപിച്ചു,” പ്രധാനമന്ത്രി തന്റെ വീഡിയോയിൽ പറഞ്ഞു. എന്നാൽ അധിക്ഷേപങ്ങൾ കൊണ്ടൊന്നും ഒരു പ്രശ്നവും പരിഹരിക്കപ്പെടില്ലെന്നും, അവരെ ശിക്ഷിക്കുന്നതോ കോടതി നടപടികളിലൂടെ വലിച്ചിഴയ്ക്കുന്നതോ സാഹചര്യം മാറ്റാൻ പോകുന്നില്ലെന്നും വ്യക്തമാക്കിയ അദ്ദേഹം, വഴിതെറ്റിപ്പോയ ആ കുട്ടികൾക്ക് മാപ്പ് നൽകാൻ ആഗ്രഹിക്കുന്നതായും കൂട്ടിച്ചേർത്തു.
ധർമ്മേന്ദ്ര പ്രധാനിന്റെ രാജിക്ക് ശേഷം, രാജ്യത്തുടനീളം വിദ്യാർത്ഥി പ്രതിഷേധക്കാർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ സി.ജെ.പിയും സർക്കാരും തമ്മിലുള്ള പുതിയ തർക്കവിഷയമായി മാറിയിരിക്കുകയാണ്. പല സംസ്ഥാനങ്ങളും വിദ്യാർത്ഥികൾക്കെതിരായ എഫ്.ഐ.ആറുകൾ പിൻവലിച്ചിട്ടുണ്ടെങ്കിലും, പ്രതിഷേധങ്ങൾക്കിടയിലെ മറ്റു സംഭവങ്ങളുടെ പേരിൽ ക്രിമിനൽ പശ്ചാത്തലമുള്ള പ്രതിഷേധക്കാർക്കെതിരെയുള്ള കേസ് നടപടികൾ ഇപ്പോഴും തുടർന്നുപോരുന്നുണ്ട്.



