കെഎസ്ആർടിസി വനിതാ ജീവനക്കാർക്ക് ആർത്തവ അവധി? സർക്കാരിന് ഹൈക്കോടതിയുടെ 3 മാസത്തെ സമയപരിധി

കൊച്ചി: കെ.എസ്.ആർ.ടി.സിയിലെ വനിതാ കണ്ടക്ടർമാർക്ക് പ്രതിമാസം ശമ്പളത്തോടുകൂടിയ രണ്ടുദിവസത്തെ ആർത്തവ അവധി അനുവദിച്ച് നൽകണമെന്ന നിവേദനത്തിൽ മൂന്ന് മാസത്തിനകം അന്തിമ തീരുമാനമെടുക്കാൻ സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി നിർദ്ദേശിച്ചു. കെ.എസ്.ആർ.ടി.സിയുടെയും ഹർജിക്കാരുടെയും വാദം കേട്ട ശേഷം വിഷയത്തിൽ തക്കതായ തീരുമാനമെടുക്കാനാണ് ജസ്റ്റിസ് വിജു എബ്രഹാമിന്റെ ഉത്തരവ്.
കെ.എസ്.ആർ.ടി.സി കണ്ടക്ടർമാരായ എസ്.എസ്. ആശ, എസ്. ശ്രീന, എം. സജല എന്നിവർ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. വനിതാ ജീവനക്കാർക്കായി അനുയോജ്യമായ രീതിയിലുള്ള ആർത്തവ അവധി നയം സംസ്ഥാന സർക്കാർ രൂപീകരിക്കേണ്ടതുണ്ടെന്ന് കോടതി നിരീക്ഷിച്ചു. നിലവിൽ കെ.എസ്.ആർ.ടി.സിയിൽ മൂവായിരത്തോളം വനിതാ ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്. അയൽസംസ്ഥാനമായ കർണാടകയിൽ പ്രതിമാസം ഒരു ദിവസം ശമ്പളത്തോടുകൂടിയ ആർത്തവ അവധി നൽകിവരുന്ന കാര്യവും ഹർജിക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.




