മുഖ്യമന്ത്രിയെ കാണാനെത്തിയ 79-കാരിയെ പൊലീസ് ബലമായി നീക്കിയെന്ന് പരാതി

വർക്കല: മുഖ്യമന്ത്രി വി ഡി സതീശനെ കണ്ട് പരാതി നൽകാൻ സെക്രട്ടറിയേറ്റിലെത്തിയ വയോധികയെ പൊലീസുകാർ മർദിച്ചതായി പരാതി. വർക്കല ഇടവ വെൺകുളം ചെമ്പകത്തിൽമൂട് കൽക്കൂട്ടംവിള വീട്ടിൽ ശാരദ (79) ആണ് പരാതി നൽകിയത്. എന്നാൽ പരാതിയിൽ കേസെടുത്തിട്ടില്ലെന്നാണ് റിപ്പോർട്ട്. ഒരാഴ്ച മുൻപാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്.
അയൽവാസി കടമായി വാങ്ങിയ രണ്ടരലക്ഷം രൂപ തിരികെ നൽകിയില്ലെന്ന പരാതി മുഖ്യമന്ത്രിയെ നേരിൽ അറിയിക്കാനാണ് ശാരദ എത്തിയത്. ഇതുസംബന്ധിച്ച് ആയിരൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് കോടതി പരിഗണനയിലാണ്. ആദ്യ സന്ദർശനത്തിൽ പരാതി സ്വീകരിച്ച മുഖ്യമന്ത്രി രണ്ട് ദിവസം കഴിഞ്ഞ് വീണ്ടും വരാൻ നിർദേശിച്ചെന്നും എന്നാൽ വീണ്ടും എത്തിയപ്പോൾ പൊലീസ് അകത്തേക്ക് കടത്തിവിട്ടില്ലെന്നുമാണ് ആരോപണം.
വനിതാ പൊലീസുകാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ പ്രവേശനം നിഷേധിച്ചതായി പറയുന്നു.മുഖ്യമന്ത്രിയെ കണ്ടശേഷം മാത്രമേ മടങ്ങുകയുള്ളൂവെന്ന് അറിയിച്ചതോടെ അഞ്ച് വനിതാ പൊലീസുകാരും മൂന്ന് സിവിൽ പൊലീസ് ഉദ്യോഗസ്ഥരും ചേർന്ന് തന്നെ ബലമായി ഉയർത്തി പൊലീസ് ജീപ്പിലേക്ക് മാറ്റിയെന്നാണ് ശാരദയുടെ പരാതി. ഇതിനിടെ മുഖം ഇടിച്ചു വീഴുകയും ചെയ്തെന്ന് ശാരദ പറഞ്ഞു.
കെെകൾക്കും കാലുകൾക്കും മുഖത്തും പരിക്കേറ്റതായി ആരോപണമുണ്ട്. മണിക്കൂറുകൾക്ക് ശേഷമാണ് തന്നെ പുറത്തുവിട്ടതെന്നും ഇതിനിടെ പൊലീസുകാർ അനുനയശ്രമം നടത്തി പണം വാഗ്ദാനം ചെയ്തതായും പരായിലുണ്ട്. വർക്കല താലൂക്ക് ആശുപത്രിയിലാണ് ശാരദ ചികിത്സ തേടിയത്. ആശുപത്രി അധികൃതർ മുഖേന പൊലീസിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.




