News

കരൂർ ദുരന്തബാധിതരുടെ ആശ്രിതർക്കുള്ള നിയമനത്തിൽ ഹൈക്കോടതി ഇടപെട്ടു; ഉത്തരവിന് സ്റ്റേ

ചെന്നൈ: കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലി നൽകാനുള്ള തമിഴ്നാട് മുഖ്യമന്ത്രി വിജയ് സർക്കാരിന്റെ തീരുമാനത്തിന് തിരിച്ചടി. നിയമനങ്ങൾ സംബന്ധിച്ച സർക്കാർ ഉത്തരവ് മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു. വിഷയത്തിൽ വിശദമായ വാദം കേൾക്കാൻ കോടതി തീരുമാനിച്ചു.

തമിഴ്നാട്ടിലെ കരൂരിൽ കഴിഞ്ഞ വർഷം സെപ്തംബർ 27ന് തമിഴക വെട്രി കഴകത്തിന്റെ പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും മരിച്ച 41 പേരുടെ ആശ്രിതർക്ക് അനുകമ്പാ അടിസ്ഥാനത്തിൽ സർക്കാർ ജോലി നൽകുമെന്ന് വിജയ് സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ തീരുമാനം ചോദ്യം ചെയ്ത് പൊതുതാൽപര്യ ഹർജി സമർപ്പിക്കപ്പെട്ടതിനെ തുടർന്നാണ് വിഷയം കോടതിയിലെത്തിയത്. സർക്കാർ ജോലി നൽകുന്നത് ഭരണഘടനാപരമായ മാനദണ്ഡങ്ങളും നിയമന ചട്ടങ്ങളും പാലിച്ചായിരിക്കണമെന്ന വാദമാണ് ഹർജിക്കാർ മുന്നോട്ടുവച്ചത്.

കേസ് പരിഗണിച്ച മദ്രാസ് ഹൈക്കോടതി സർക്കാർ ജോലി നൽകുന്നതുമായി ബന്ധപ്പെട്ട ഉത്തരവിന് സ്റ്റേ നൽകുകയായിരുന്നു. ഇരു വിഭാഗങ്ങളുടെയും വാദം വിശദമായി കേട്ട ശേഷമേ അന്തിമ തീരുമാനം ഉണ്ടാകൂവെന്നും കോടതി വ്യക്തമാക്കി. കരൂർ ദുരന്തത്തിന് പിന്നാലെ മരിച്ചവരുടെ കുടുംബങ്ങൾക്ക് ആശ്വാസമെന്ന നിലയിലാണ് സർക്കാർ തൊഴിൽ വാഗ്ദാനം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സർക്കാർ നിയമനങ്ങളിൽ ഭരണഘടനാ വ്യവസ്ഥകളും സമത്വ തത്വവും പാലിക്കേണ്ടതുണ്ടെന്ന ചൂണ്ടിക്കാട്ടലോടെയാണ് വിഷയം നിയമപരമായ തർക്കമായി മാറിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button