വടകര ലഹരിക്കേസ്: രണ്ടാമത്തെ അദ്ധ്യാപിക കാവ്യയെയും പിരിച്ചുവിട്ടു, അന്വേഷണം ശക്തമാക്കി പൊലീസ്

കോഴിക്കോട്: വടകര ലഹരിക്കേസിൽ പിടിയിലായ രണ്ടാമത്തെ അദ്ധ്യാപിക കാവ്യയെയും ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. പേരാമ്പ്ര ബിആർസിയിലെ സ്പെഷ്യൽ എഡ്യൂക്കേറ്റർ ആയിരുന്ന കാവ്യയ്ക്കെതിരെ പൊലീസ് റിപ്പോർട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സ്കൂളിൽ നിന്ന് പുറത്താക്കിയത്. കേസിലെ മറ്റൊരു പ്രതിയായ കീർത്തനയെ അറസ്റ്റിന് പിന്നാലെ ബിആർസി പിരിച്ചുവിട്ടിരുന്നു. പേരാമ്പ്ര ബ്ലോക്ക് റിസോഴ്സ് കേന്ദ്രത്തിലെ സ്പെഷ്യലിസ്റ്റ് കായിക അദ്ധ്യാപികയായിരുന്നു കീർത്തന.
ലഹരിക്കേസിൽ അറസ്റ്റിലായ രണ്ട് അദ്ധ്യാപികമാരും കരാർ അടിസ്ഥാനത്തിലാണ് സ്കൂളിൽ ജോലി ചെയ്തിരുന്നത്. അദ്ധ്യാപികമാരുടെ ലഹരി ഇടപാട് സംബന്ധിച്ച വാർത്ത ഞെട്ടലുണ്ടാക്കിയതായാണ് സഹപ്രവർത്തകർ പറയുന്നത്. കീർത്തനയും കാവ്യയും സുഹൃത്തുക്കളായിരുന്നുവെന്നും എപ്പോഴും ഒരുമിച്ചാണ് നടന്നിരുന്നതെന്നും മറ്റ് അദ്ധ്യാപികമാർ പറഞ്ഞു.അറസ്റ്റിലായ കീർത്തന ലഹരി വിരുദ്ധപ്രവർത്തനങ്ങളിൽ മുന്നിലുണ്ടായിരുന്ന ആളാണ്.
കഴിഞ്ഞ വർഷത്തെ ലഹരിവിരുദ്ധ പ്രർത്തനങ്ങളിൽ സജീവമായിരുന്നു. പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സൂംബ ക്ലാസും നടത്തിയിട്ടുണ്ടെന്നും സഹപ്രവർത്തകർ വ്യക്തമാക്കി.അതേസമയം, ഇവരുമായി ബന്ധപ്പെട്ട ലഹരി ഇടപാട് കേസിൽ കൂടുതൽ വിവരങ്ങളാണ് പുറത്തുവരുന്നത്. പ്രതികളായ കീർത്തനയും കാവ്യയും വളരെ ആസൂത്രിതമായാണ് ലഹരി ഇടപാട് നടത്തിയതെന്നാണ് കണ്ടെത്തൽ.
ലഹരി ആവശ്യമുള്ളവർപണം അയച്ചിരുന്നത് പ്രതികളുടെ അക്കൗണ്ടിലേക്കാണ്. ലൊക്കഷനിൽ ഇവർ ലഹരി എത്തിച്ചുനൽകിയിരുന്നു. ലക്ഷക്കണക്കിന് രൂപയാണ് ഇവരുടെ അക്കൗണ്ടിൽ എത്തിയിരുന്നത്. കാവ്യ ആഡംബര കാർ വാങ്ങിയത് ലഹരി പണം ഉപയോഗിച്ചാണോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.



