News

കേരള സർവകലാശാല ചോദ്യപേപ്പർ പിഴവ്! റിപ്പോർട്ട് ലഭിച്ചാൽ നടപടിയെന്ന് വിസി

കേരള സർവകലാശാലയുടെ പരീക്ഷാ ചോദ്യപേപ്പറിൽ വീണ്ടും ഗുരുതര പിഴവുകൾ കണ്ടെത്തിയ സംഭവത്തിൽ വകുപ്പ് മേധാവിക്ക് വീഴ്ച സംഭവിച്ചതായി പ്രാഥമിക നിഗമനം. നാലാം സെമസ്റ്റർ എംഎ ഹിസ്റ്ററി പരീക്ഷയുടെ ചോദ്യപേപ്പർ തയ്യാറാക്കിയത് കാര്യവട്ടം ക്യാമ്പസിലെ ഹിസ്റ്ററി വിഭാഗം ഡീനാണെന്നാണ് വിവരം. വിഷയത്തിൽ വിസി ഡോ. മോഹനൻ കുന്നുമ്മലിന് ഇന്ന് റിപ്പോർട്ട് ലഭിക്കും. ഇതിനുശേഷം തുടർനടപടികളുണ്ടാകുമെന്നും വിസി അറിയിച്ചു.

‘എംഎ ഹിസ്റ്ററി ഓഫ് ഫ്രീഡം മൂവ്മെന്റ് ഇൻ ഇന്ത്യ’ എന്ന വിഷയത്തിലെ ചോദ്യപേപ്പറിൽ മൂന്ന് ചോദ്യങ്ങൾ മാറ്റമില്ലാതെ രണ്ട് വിഭാഗങ്ങളിലായി ആവർത്തിച്ചു ചോദിക്കുകയായിരുന്നു. ഇതിനുപുറമേ മറ്റ് നാല് ചോദ്യങ്ങൾ തമ്മിൽ നേരിയ വ്യത്യാസം മാത്രമാണുണ്ടായിരുന്നത്. ചോദ്യപേപ്പർ തയ്യാറാക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആപ്ലിക്കേഷനുകൾ ഉപയോഗിച്ചതാണോ എന്ന തരത്തിലുള്ള ആരോപണങ്ങളും ഇതിനോടകം ഉയർന്നുവന്നിട്ടുണ്ട്.

സർവകലാശാല പരീക്ഷാ ചോദ്യപേപ്പറുകളിൽ തുടർച്ചയായി ഉണ്ടാകുന്ന ഇത്തരം പിഴവുകളിൽ വിദ്യാർത്ഥികൾ വലിയ പ്രതിഷേധത്തിലാണ്. മുൻപ് നടന്ന ബിഎസ്സി രണ്ടാം സെമസ്റ്റർ സ്റ്റാറ്റിസ്റ്റിക്സ് പരീക്ഷയിൽ ചോദ്യത്തിനൊപ്പം ഉത്തരവും അച്ചടിച്ചുവന്നത് വലിയ വിവാദമായിരുന്നു. നിലവിൽ ഔദ്യോഗിക പരാതികൾ ലഭിച്ചിട്ടില്ലെങ്കിലും സംഭവം പരിശോധിച്ച് കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാനാണ് സർവകലാശാലയുടെ നീക്കം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button