News

രാത്രിയാത്ര ഇനി പേടിക്കേണ്ട; കെ.എസ്.ആർ.ടി.സിയുടെ ‘പിങ്ക് ബസ്’ സർവീസിന് തുടക്കം

തിരുവനന്തപുരം: സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതിക്ക് പിന്നാലെ, തിരുവനന്തപുരം നഗരത്തിൽ സ്ത്രീകൾക്കായി മാത്രമായി ‘പിങ്ക് ബസ്’ സർവീസിന് കെ.എസ്.ആർ.ടി.സി തുടക്കം കുറിച്ചു. പ്രാരംഭ ഘട്ടമെന്ന നിലയിൽ ടെക്‌നോപാർക്ക് റൂട്ടിലാണ് ഈ സർവീസ് ആരംഭിച്ചിരിക്കുന്നത്. സ്ത്രീകൾക്ക് സുരക്ഷിതമായ രാത്രികാല യാത്രാ സൗകര്യം ഒരുക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി.

വൈകുന്നേരങ്ങളിലും രാത്രികാലങ്ങളിലുമായിരിക്കും പിങ്ക് ബസ് സർവീസുകൾ പ്രധാനമായും ക്രമീകരിച്ചിരിക്കുന്നത്. രാത്രി ഒമ്പതു മണിക്ക് ശേഷം തമ്പാനൂരിൽ എത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും, ആശുപത്രി ജീവനക്കാരും, പത്തിനും അഞ്ചിനുമിടയിലുള്ള ഷിഫ്റ്റുകളിൽ ജോലി കഴിഞ്ഞ് മടങ്ങുന്ന ടെക്നോപാർക്ക് ജീവനക്കാരടക്കമുള്ള നിരവധി സ്ത്രീകൾക്ക് ഈ സർവീസ് വലിയ തോതിൽ ആശ്വാസമാകും എന്നാണ് കെ.എസ്.ആർ.ടി.സിയുടെ വിലയിരുത്തൽ.

സർവീസുകളുടെ കൃത്യത ഉറപ്പാക്കുന്നതിനും വരുമാനം വർധിപ്പിക്കുന്നതിനുമായി ഓൺലൈൻ റിസർവേഷൻ സൗകര്യം ഏർപ്പെടുത്താനും, ഭാവിയിൽ ഇലക്ട്രിക് ബസുകൾ പിങ്ക് ബസ് സർവീസിനായി ഉപയോഗിക്കാനുമാണ് കെ.എസ്.ആർ.ടി.സി ലക്ഷ്യമിടുന്നത്. നിലവിൽ കെ.എസ്.ആർ.ടി.സിക്ക് ലഭിച്ച പുതിയ ലിങ്ക് ബസുകളിൽ ഒന്നാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്.

സ്ത്രീകൾക്ക് മാത്രമായി കേരളത്തിൽ പിങ്ക് ബസ് സംവിധാനം നടപ്പാക്കുമെന്ന് മുൻ ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ മാതൃഭൂമി സാഹിത്യോത്സവമായ ‘ക’-യുടെ വേദിയിൽ വെച്ച് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ ബസുകളിൽ യാത്രക്കാരും ഡ്രൈവറും കണ്ടക്ടറുമെല്ലാം സ്ത്രീകളായിരിക്കുമെന്നും അദ്ദേഹം അന്ന് വ്യക്തമാക്കിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button