ആരോഗ്യമന്ത്രിയെ കടന്നാക്രമിച്ച് ശോഭ സുരേന്ദ്രൻ; ‘രക്തം വാർന്ന് കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?’

പാലോട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ വെളിച്ചമില്ലാത്തതിനെ തുടർന്ന് മൊബൈൽ ഫോൺ വെളിച്ചത്തിൽ രോഗിയുടെ മുറിവ് തുന്നിക്കെട്ടേണ്ടി വന്ന സംഭവത്തിൽ ആരോഗ്യ മന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രൻ. ആ ശസ്ത്രക്രിയാ മേശയിൽ രക്തം വാർന്ന് കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ ‘വൈദ്യുതി തടസ്സം അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമായിരുന്നോ എന്ന് ശോഭ സുരേന്ദ്രൻ ഫേസ്ബുക്കിലൂടെ ചോദിച്ചു. 2026-ലും സർക്കാർ ആശുപത്രിയിൽ പ്രവർത്തനക്ഷമമായ ജനറേറ്റർ പോലുമില്ലാത്ത ഗുരുതര വീഴ്ച മറച്ചുവെച്ച്, പരിമിതമായ സാഹചര്യത്തിൽ പോലും സേവനം നൽകിയ ഡോക്ടർമാരെ കുറ്റപ്പെടുത്താനാണ് മന്ത്രി ശ്രമിച്ചതെന്നും അവർ ആരോപിച്ചു.
അടിസ്ഥാന സൗകര്യമൊരുക്കുന്നതിൽ അധികൃതർ പൂർണ്ണമായും പരാജയപ്പെട്ടുവെന്നും, സ്വന്തം ആശുപത്രികളിൽ ബാക്കപ്പ് വൈദ്യുതി ഉറപ്പാക്കാൻ കഴിയാത്ത ആരോഗ്യ സംവിധാനത്തിന്റെ ദയനീയ അവസ്ഥയാണ് ഇത് വ്യക്തമാക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടി. ഇത്തരം അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ അടുത്ത അഞ്ച് വർഷം കേരളത്തിന്റെ ആരോഗ്യരംഗം എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്നതിൽ ജനങ്ങൾക്ക് മറുപടി നൽകണമെന്നും ഡോക്ടർമാർക്ക് അർഹമായ പിന്തുണ നൽകി രോഗികൾക്ക് മാന്യമായ ചികിത്സ ഉറപ്പാക്കണമെന്നും ശോഭ സുരേന്ദ്രൻ ആവശ്യപ്പെട്ടു.




