KeralaNews

ഗൺമാൻമാരുടെ മർദ്ദനം: എ.ഡി തോമസ് എംഎൽഎയും അജയ് ജ്യൂവലും ഇന്ന് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും കാണും

ആലപ്പുഴയിൽ നവകേരള യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാരുടെ മർദ്ദനത്തിനിരയായ എ.ഡി തോമസ് എംഎൽഎയും അജയ് ജ്യൂവൽ കുര്യാക്കോസും ഇന്ന് മുഖ്യമന്ത്രി വി.ഡി സതീശനെയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയും നേരിൽ കാണും. സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ടിൽ തുടർനടപടികൾ വൈകുന്ന സാഹചര്യത്തിലാണ് ഇരുവരും സർക്കാരിനെ സമീപിക്കുന്നത്. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെയുള്ള നടപടികൾ എത്രയും വേഗം പൂർത്തിയാക്കണമെന്ന് ഇരുവരും കൂടിക്കാഴ്ചയിൽ ആവശ്യപ്പെടും.

കഴിഞ്ഞ മാസം 23നാണ് പ്രത്യേക അന്വേഷണസംഘം സംസ്ഥാന പൊലീസ് മേധാവി റവാഡാ ചന്ദ്രശേഖറിന് അന്വേഷണ റിപ്പോർട്ട് കൈമാറിയത്. എന്നാൽ, ആഴ്ചകൾ പിന്നിട്ടിട്ടും ഈ റിപ്പോർട്ട് ഇതുവരെയും ആഭ്യന്തര വകുപ്പിന് ഡിജിപി കൈമാറിയിട്ടില്ല. റിപ്പോർട്ടിലെ ചില സാങ്കേതിക കാര്യങ്ങളിലും കണ്ടെത്തലുകളിലും കൂടുതൽ വ്യക്തത വരുത്താൻ അന്വേഷണസംഘത്തോട് ഡിജിപി ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ലഭ്യമായ വിവരം.

അന്വേഷണ സംഘത്തിൽ നിന്ന് ഈ വിശദാംശങ്ങൾ ലഭിച്ചശേഷമേ റിപ്പോർട്ട് ആഭ്യന്തര വകുപ്പിന് കൈമാറൂ എന്നാണ് ഡിജിപിയുടെ നിലപാട്. ഈ ആഴ്ച അവസാനത്തോടെ റിപ്പോർട്ട് ആഭ്യന്തര വകുപ്പിന്റെ പരിഗണനയ്ക്ക് എത്തിയേക്കുമെന്നാണ് സൂചനകൾ. റിപ്പോർട്ട് സമർപ്പണം വൈകുന്നത് കുറ്റക്കാർക്ക് രക്ഷപ്പെടാൻ വഴിയൊരുക്കുമെന്ന ആശങ്ക നിലനിൽക്കുന്നതിനാലാണ് നടപടികൾ വേഗത്തിലാക്കാൻ ആവശ്യപ്പെട്ട് പരാതിക്കാർ നേരിട്ട് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും കാണാൻ തീരുമാനിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button