News

SRFTIയിലെ ഡീനിനെതിരായ ലൈംഗിക പീഡന പരാതി; നടപടിയെടുക്കാതെ ചെയര്‍മാന്‍ സുരേഷ് ഗോപി

കൊല്‍ക്കത്ത: സത്യജിത്ത് റായ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡീനിനെതിരായ ലൈംഗിക അതിക്രമ ആരോപണത്തില്‍ ചെയർമാനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിക്കെതിരെ പരാതി. ഇന്റേണല്‍ കമ്മിറ്റി ഡീന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടും എസ്ആര്‍എഫ്ടിഐ ചെയര്‍മാനായ സുരേഷ് ഗോപി നടപടി എടുത്തില്ല എന്നാണ് പരാതി.

2026 മെയിലാണ് ഇന്റ്റേണല്‍ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നത്. പരാതി ഉയര്‍ന്നിട്ടും ഡീന്‍ വിപിന്‍ വിജയ്‌യെ മുംബൈ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ അനൗദ്യോഗിക ചെയര്‍മാനായും നിയമിച്ചിരുന്നു. അതിജീവിതയുടെ അന്തസ്സിനെ മാനിക്കാത്തതിനെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പീഡകനെ സുരേഷ് ഗോപി സംരക്ഷിക്കുന്നുവെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു.

രണ്ട് വര്‍ഷം മുന്‍പാണ് ഡീനിനെതിരെ ലൈംഗിക പീഡന പരാതിയുമായി ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒരു ജീവനക്കാരി രംഗത്ത് വന്നത്. ശാരീരിക ആക്രമണം, ലൈംഗികാതിക്രമം, ജാതി അധിക്ഷേപം, അസഭ്യപരാമര്‍ശങ്ങള്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ പരാതികളാണ് യുവതി ആഭ്യന്തര സമിതിക്ക് നല്‍കിയിരുന്നത്. ഇടപെടല്‍ തേടി പരാതിക്കാരി വാര്‍ത്താ വിതരണ മന്ത്രാലയത്തിന് നല്‍കിയ പരാതിയിലും നടപടിയുണ്ടായില്ലെന്നും നേരത്തെ പരാതി ഉയര്‍ന്നിരുന്നു.

പോഷ് നിയമപ്രകാരം പരാതി ലഭിച്ച് 90 ദിവസത്തിനകം ഐസിസി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ചട്ടം. സുരേഷ് ഗോപിയുടെ നേതൃത്വത്തിലുള്ള ഗവേണിംഗ് കൗണ്‍സിലിന് മുന്‍പാകെയാണ് ഒന്നാം ഘട്ട അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. രണ്ടാംഘട്ട അന്വേഷണം ആരംഭിക്കുന്നതിനായി എസ്ആര്‍എഫ്ടിഐ അച്ചടക്ക സമിതി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സുരേഷ് ഗോപി ഒപ്പിടേണ്ടതുണ്ട്. എന്നാല്‍ സുരേഷ് ഗോപി അതിന് തയ്യാറായില്ലെന്നും നേരത്തെ ആരോപണമുണ്ടായിരുന്നു. പിന്നാലെയാണ് രണ്ട് മാസം മുന്‍പ് ഇന്റേണല്‍ കമ്മിറ്റി രണ്ടാം ഘട്ട റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button