വിഴിഞ്ഞം വിവാദം; “ഈ സർക്കാർ എന്ത് തെറ്റ് ചെയ്തു?” എന്ന് മുഖ്യമന്ത്രിയുടെ മറുചോദ്യം

തിരുവനന്തപുരം: വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ എൽഡിഎഫിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. സർക്കാരിന്റെ മുൻകൂർ അനുമതി ഇല്ലാതെ ഓഹരി കൈമാറ്റം നടക്കില്ല. ഓഹരി കൈമാറ്റം നേരത്തെ അറിയാമായിരുന്നു എന്ന ആരോപണം തെറ്റാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഓഹരി കൈമാറ്റം നേരത്തെ അറിയാമായിരുന്നത് ദേശാഭിമാനിക്ക് മാത്രം ആയിരുന്നുവെന്നും പഴയ പത്രവാർത്ത ഉയർത്തികൊണ്ട് സതീശൻ ചൂണ്ടിക്കാട്ടി. അദാനിയും എംഎസ്സി കമ്പനിയുമായി ഒരു വർഷമായി ചർച്ച നടത്തി. 2026 ജൂൺ അഞ്ചിന് ദേശാഭിമാനി ഇത് റിപ്പോര്‍ട്ട് ചെയ്തു. ദേശാഭിമാനിയുടെ വാർത്ത ഉറവിടം എൽഡിഎഫ് സർക്കാർ ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എൽഡിഎഫ് സർക്കാർ കാലത്തെ വിഴിഞ്ഞം കോൺക്ലെവിൽ എംഎസ്സി പ്രതിനിധികൾ പങ്കെടുത്തു. ഇതെല്ലാം ചെയ്തിട്ട് ഇപ്പോൾ കടൽ കൊള്ള, സതീശൻ – അദാനി എന്നൊക്കെ പറയുന്നു. എന്താണ് ഇവിടെ നടക്കുന്നതെന്നും സതീശൻ ചോദിച്ചു. ഓഹരി കൈമാറ്റം അറിഞ്ഞപ്പോൾ തന്നെ യുഡിഎഫ് സർക്കാർ അതൃപ്തി അറിയിച്ചു. ഇതോടെ അവര്‍ അപേക്ഷ നൽകി. ഇത് എംപവേർഡ് കമ്മിറ്റി പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിർമ്മാണ കരാറിൽ തന്നെ ഒരു കമ്പനിക്കും കുത്തകാവകാശം പാടില്ല എന്ന വ്യവസ്ഥ ഉണ്ട്. ഇതിൽ ഉമ്മൻ ചാണ്ടിക്കും കെ ബാബുവിനും സല്യൂട്ട് എന്നും വാര്‍ത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്കിടെ മാധ്യമങ്ങളോടും മുഖ്യമന്ത്രി ചോദ്യം ഉന്നയിച്ചു. ആദ്യമായി ഞാൻ അങ്ങോട്ട് ചോദിക്കുകയാണ്, ഈ സർക്കാർ എന്ത് തെറ്റ് ചെയ്തു എന്നായിരുന്നു സതീശന്റെ ചോദ്യം. വിഴിഞ്ഞത്തെ സംസ്ഥാന താത്പര്യം ബലി കഴിക്കില്ലെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി.




