നെന്മാറ ഇരട്ടക്കൊലപാതകം; പ്രതി ചെന്താമരയുടെ ശിക്ഷാ വിധി അടുത്ത തിങ്കളാഴ്ചത്തേക്ക് മാറ്റി

പാലക്കാട്: നാടിനെ നടുക്കിയ പാലക്കാട് നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാ വിധി പ്രഖ്യാപിക്കുന്നത് അടുത്ത തിങ്കളാഴ്ചത്തേക്ക് മാറ്റി. പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജിക്കുണ്ടായ പെട്ടെന്നുള്ള ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് വിധി പറയുന്നത് കോടതി മാറ്റിവെച്ചത്.
2025 ജനുവരി 27-നായിരുന്നു നാടിനെ കൊലപാതകം നടന്നത്. പ്രതിയായ ചെന്താമര, പോത്തുണ്ടി ബോയൻ നഗറിലെ സുധാകരൻ, അദ്ദേഹത്തിന്റെ അമ്മ ലക്ഷ്മി എന്നിവരെ വീടിന് മുൻപിൽ വെച്ച് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. നേരത്തെ 2019-ൽ സുധാകരന്റെ ഭാര്യ സജിതയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലും ചെന്താമര തന്നെയാണ് പ്രതി.
ആ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്ന ഇയാൾ പരോളിൽ ഇറങ്ങിയപ്പോഴാണ് സുധാകരനെയും അമ്മയെയും വകവരുത്തിയത്. തന്റെ ഭാര്യ തന്നെ വിട്ടുപിരിഞ്ഞു പോകാൻ കാരണം സുധാകരന്റെ കുടുംബമാണെന്ന തെറ്റായ ധാരണയും കടുത്ത വൈരാഗ്യവുമാണ് കൊലപ്പെടുത്താൻ ചെന്താമരയെ പ്രേരിപ്പിച്ചത്.




