News

‘രാജ്യത്തിന്റെ ഒരു ഭാഗത്തും ക്ഷേത്രങ്ങൾ പണിയുന്നതോ അവ നടത്തുന്നതോ വിഎച്ച്പിയുടെ ജോലിയല്ല’

ന്യൂഡൽഹി: അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് കേസിൽ നിന്നൊഴിഞ്ഞ് വിശ്വഹിന്ദു പരിഷത്ത് നേതൃത്വം. ക്ഷേത്രത്തിൽ നടന്ന വലിയ ക്രമക്കേടുകൾക്ക് മറുപടി പറയേണ്ടത് തങ്ങളല്ലെന്ന സമീപനമാണ് വിഎച്ച്പി സ്വീകരിച്ചത്. ഇതോടെ ഫണ്ട് തട്ടിപ്പ് വിവാദത്തിൽ ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറിയായിരുന്ന ചമ്പത് റായിയെ പൂർണമായും കൈവിടുന്ന നിലപാടാണ് നേതൃത്വത്തിന്റേതെന്നാണ് വിലയിരുത്തൽ.

ശ്രീരാമ ക്ഷേത്രത്തിന്റെ നിർമാണത്തിന് ശേഷം അതുമായി ബന്ധപ്പെട്ട ഭരണപരമായ കാര്യങ്ങളിൽ തങ്ങൾക്ക് പങ്കില്ലെന്നും തട്ടിപ്പിനെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നുമാണ് വിഎച്ച്പി നേത്യത്വം വ്യക്തമാക്കിയത്. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വിഎച്ച്പി പ്രസിഡന്റ് അലോക് കുമാർ ഇക്കാര്യമറിയിച്ചത്.’ക്ഷേത്രം നിർമിക്കുക എന്ന ലക്ഷ്യം പൂർത്തിയായതോടെ രാമജന്മഭൂമി പ്രസ്ഥാനത്തിലെ വിഎച്ച്പിയുടെ പങ്ക് അവസാനിച്ചു. രാമജന്മഭൂമി വിധിക്ക് ശേഷം സംഘടന ക്ഷേത്രം നിർമിക്കുകയോ നടത്തുകയോ ചെയ്യില്ലെന്ന് വിഎച്ച്പി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ ഒരു ഭാഗത്തും ക്ഷേത്രങ്ങൾ പണിയുന്നതോ അവ നടത്തുന്നതോ വിഎച്ച്പിയുടെ ജോലിയല്ല. ട്രസ്റ്റാണ് അവ നടത്തുന്നത്. ട്രസ്റ്റിൽ എന്ത് സംഭവിക്കുന്നു എന്നത് ട്രസ്റ്റിന്റെ ഉത്തരവാദിത്തമായിരിക്കും.

ആർഎസ്എസിലേക്കോ സർക്കാരിലേക്കോ ഉത്തരവാദിത്തം നീട്ടാനുള്ള ശ്രമങ്ങൾ അനുചിതമാണ്.’-അലോക് കുമാ‌ർ പറഞ്ഞു.ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്രത്തിന്റെ ജനറൽ സെക്രട്ടറി എന്ന നിലയിലുള്ള ചമ്പത് റായിയുടെ നടപടികളിൽ നിന്ന് അകലം പാലിക്കാനാണ് തന്റെ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. അയോദ്ധ്യയിലെ സംഭാവനകളിൽ തട്ടിപ്പ് നടത്തിയതായും വകമാറ്റി ചെലവാക്കിയതുമായി ബന്ധപ്പെട്ട് കടുത്ത വിവാദങ്ങളാണ് നിലനിൽക്കുന്നത്. സംഭവത്തിൽ എസ്ഐടി അന്വേഷണം പുരോഗമിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button