
പശ്ചിമ ബംഗാളിലെ ബിജെപി സര്‍ക്കാര്‍ അടുത്തയാഴ്ച സംസ്ഥാന നിയമസഭയില്‍ ഏകീകൃത സിവില്‍ കോഡ് ബില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ബിജെപി നല്കിയ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്ന ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിനുള്ള നിര്‍ണായക നടപടിയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. വിവാഹം, വിവാഹമോചനം, സ്വത്തവകാശം, ദത്തെടുക്കല്‍, അനന്തരാവകാശം തുടങ്ങിയ വിഷയങ്ങളില്‍ എല്ലാവര്ക്കും ഒരേ നിയമവ്യവസ്ഥ കൊണ്ടുവരികയാണ് ഏകീകൃത സിവില്‍ കോഡിന്റെ ലക്ഷ്യം. മതാടിസ്ഥാനത്തില്‍ നിലവിലുള്ള വ്യക്തിനിയമങ്ങള്‍ക്ക് പകരമാകുമിത്.
ബില്‍ നിയമമായാല്‍, ഏകീകൃത സിവില്‍ കോഡിലേക്കുള്ള നീക്കവുമായി മുന്നോട്ടുപോകുന്ന സ്വതന്ത്ര ഇന്ത്യയിലെ നാലാമത്തെ സംസ്ഥാനമായി പശ്ചിമ ബംഗാള്‍ മാറും. 2024ല്‍ ഉത്തരാഖണ്ഡ് ആണ് ആദ്യമായി സിവില്‍ കോഡ് പാസാക്കിയ സംസ്ഥാനം. തുടര്‍ന്ന് ഗുജറാത്ത്, അസം എന്നീ സംസ്ഥാനങ്ങളും സമാന നിയമനടപടികളിലേക്ക് നീങ്ങിയിരുന്നു. ഇക്കൊല്ലം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളിലെ ബിജെപിയുടെ പ്രധാന പ്രചാരണ വിഷയങ്ങളില്‍ ഒന്നായിരുന്നു യുസിസി.
അധികാരത്തിലെത്തി ആറുമാസത്തിനകം ബംഗാളില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. 15 വര്‍ഷത്തെ തൃണമൂല്‍ കോണ്‍ഗ്രസ് ഭരണത്തിന് വിരാമമിട്ടാണ് ചരിത്രത്തിലാദ്യമാി ബംഗാളില്‍ ബിജെപി ഭരണം പിടിച്ചത്. 293ല്‍ 207 സീറ്റുകള്‍ നേടി അധികാരത്തിലെത്തിയ ബിജെപി, ഉപതിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് കൂടി നേടി അംഗസംഖ്യ 208 ആയി ഉയര്‍ത്തുകയും ചെയ്തു. മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍, ഏകീകൃത സിവില്‍കോഡിലൂടെ വലിയ മാറ്റത്തിനാണ് ലക്ഷ്യമിടുന്നത്.
അതേസമയം, പശ്ചിമ ബംഗാളില്‍ ഏകീകൃത സിവില്‍ കോഡ് ബില്‍ അവതരിപ്പിച്ചാല്‍, അത് സംസ്ഥാനത്തെ വലിയ രാഷ്ട്രീയ പ്രശ്നങ്ങളില്‍ ഒന്നായി മാറും. സ്ത്രീകളുടെ അവകാശങ്ങള്‍, തുല്യ പൗരാവകാശം എന്നിവക്കുള്ള പരിഹാരമായി ബിജെപി ഇത് അവതരിപ്പിക്കും. മറുവശത്ത്, മതസ്വാതന്ത്ര്യത്തിന്റെയും ന്യൂനപക്ഷ അവകാശങ്ങളുടെയും അടിസ്ഥാനത്തില്‍ പ്രതിപക്ഷം ബില്ലിനെ എതിര്‍ക്കും. ഏകീകൃത സിവില്‍ കോഡ് ഒരു മതത്തിനും എതിരല്ല, മറിച്ച് എല്ലാ പൗരന്മാര്ക്കും ഒരേ സിവില്‍ നിയമം ഉറപ്പാക്കുന്നതിനുള്ള ഒരു ഭരണഘടനാ സംവിധാനമാണെന്ന വാദമാണ് ബിജെപിയുടേത്.




