കോർപ്പറേഷൻ സംഘർഷത്തിൽ പി.കെ ശ്രീമതി രൂക്ഷം; ‘ഇത് വെറും ഉന്തുംതള്ളുമല്ല’

തിരുവനന്തപുരം കോർപറേഷനിൽ ബിജെപി – യുഡിഎഫ് കൗൺസിലർമാർ തമ്മിലുണ്ടായ സംഘർഷം സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചർച്ചയാകുന്നു. കയ്യാങ്കളിക്കിടെ ഒരു വനിതാ കൗൺസിലർ രണ്ടുപേർക്കിടയിൽ ഞെരുങ്ങിപ്പോയത് അതീവ ഗൗരവത്തോടെയാണ് സിപിഎം നേതാവ് പി.കെ ശ്രീമതി കണ്ടത്. ഇത്തരമൊരു അതിക്രമം തിരുവനന്തപുരം നഗരസഭയിൽ അരങ്ങേറിയത് ലജ്ജാകരമാണെന്ന് അവർ ഫേസ്ബുക്കിലൂടെ വിമർശിച്ചു.
ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം ചേർന്ന കോർപറേഷൻ കൗൺസിൽ യോഗത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ആർ. സുഗതന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് അംഗങ്ങൾ പ്രതിഷേധിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. മിനിറ്റ്സ് ബുക്കിൽ ഒപ്പിടാൻ ബിജെപി കൗൺസിലർമാർ അനുവദിച്ചില്ലെന്ന് യുഡിഎഫ് ആരോപിക്കുന്നു. അജണ്ടകൾ പാസാക്കി മേയർ വി.വി രാജേഷ് യോഗം അവസാനിപ്പിച്ചതിന് പിന്നാലെയാണ് ഇരുവിഭാഗവും തമ്മിൽ രൂക്ഷമായ സംഘർഷം ഉണ്ടായത്.




