സതീശന് പിണറായിയുടെ കിടിലൻ മറുപടി; സിപിഐഎം തകരില്ലെന്ന് വെല്ലുവിളി

നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മിൽ രൂക്ഷമായ വാഗ്വാദം. സി.പി.ഐ.എമ്മിനുള്ളിലെ ഭിന്നതകളെ നിയമസഭയിൽ ആയുധമാക്കിയ മുഖ്യമന്ത്രിക്ക് മറുപടിയുമായി പിണറായി വിജയൻ രംഗത്തെത്തിയതോടെ സഭ പ്രക്ഷുബ്ധമായി. സി.പി.ഐ.എം തകരുമെന്നത് മുഖ്യമന്ത്രിയുടെ വെറും പൂതി മാത്രമാണെന്നും, വലതുപക്ഷ മാധ്യമങ്ങളുടെ വേട്ടയാടലുകളെ അതിജീവിച്ചാണ് തങ്ങൾ ഇവിടെ നിൽക്കുന്നതെന്നും പിണറായി വിജയൻ തിരിച്ചടിച്ചു.
സി.പി.ഐ.എമ്മിൽ തിരഞ്ഞെടുപ്പിന് ശേഷം അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുത്തിട്ടുണ്ടെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ വിമർശനമാണ് പിണറായിയെ ചൊടിപ്പിച്ചത്. പാർട്ടിയിലെ തർക്കങ്ങളെക്കുറിച്ച് സതീശൻ പരാമർശിച്ചപ്പോൾ, പിണറായി വിജയൻ അതിനെ പ്രതിരോധിച്ചു. “പാർട്ടിയെക്കുറിച്ചോ മുന്നണിയെക്കുറിച്ചോ താങ്കൾ പറഞ്ഞാൽ അതിന് മറുപടി നൽകാൻ ഞാൻ ബാധ്യസ്ഥനാണ്. ഞാനോ ഞങ്ങളോ ഈ സ്ഥാനത്ത് പാടില്ല എന്ന് ഞങ്ങളുടെ പാർട്ടിയിൽ ആരും പറഞ്ഞിട്ടില്ല,” പിണറായി വിജയൻ വ്യക്തമാക്കി.
പിണറായിയുടെ പരാമർശങ്ങൾക്ക് മറുപടിയായി, സി.പി.ഐ.എം യാതൊരു തിരുത്തലുമില്ലാതെ നന്നായി പോകുന്നുണ്ടെങ്കിൽ അതിൽ തങ്ങൾക്ക് സന്തോഷമേയുള്ളൂ എന്ന് വി.ഡി. സതീശൻ പരിഹസിച്ചു. “എനിക്ക് മുഖ്യമന്ത്രി സ്ഥാനം എങ്ങനെ കിട്ടിയെന്നും പാർട്ടിയിലെ തർക്കങ്ങളെക്കുറിച്ചും നിങ്ങളുടെ എം.എൽ.എമാർ പറഞ്ഞപ്പോൾ ഞാൻ ചിരിച്ചുകൊണ്ടാണ് അത് കേട്ടത്. എന്നാൽ നമ്മുടെ പാർട്ടിയെക്കുറിച്ച് നിങ്ങൾ സംസാരിച്ചാൽ മറുപടി കിട്ടും, അത്രയേ ഉള്ളൂ,” എന്ന് സതീശനും കൂട്ടിച്ചേർത്തു.




