KeralaNews

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: മേൽക്കോടതിയിൽ ജാമ്യാപേക്ഷ നല്‍കി പ്രതി ജിതിന്‍ ഭാസ്‌കര്‍

വടകര കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ ജില്ലാ കോടതിയിൽ ജാമ്യാപേക്ഷ നൽകി മുഖ്യപ്രതി ജിതിന്‍ ഭാസ്‌കര്‍. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്. വടകര കോടതി രണ്ട് തവണ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ജില്ലാ കോടതിയെ സമീപിച്ചത്.

സ്‌ക്രീന്‍ഷോട്ട് നിര്‍മ്മിച്ചത് ജിതിന്‍ ഭാസ്‌കര്‍ ആണെന്ന് എസ്ഐടി കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ജിതിന്‍ ഭാസ്‌കറിനെ എസ്ഐടി വിശദമായി ചോദ്യം ചെയ്തിരുന്നു. ഇതില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. പ്രതി ഫോണ്‍ റീസെറ്റ് ചെയ്തുവെന്നും ഇതോടെ തെളിവുകള്‍ നഷ്ടപ്പെട്ടുവെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ജില്ലാ ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലായിരുന്നു കണ്ടെത്തല്‍.

സ്‌ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്യപ്പെട്ടത് 200 ഓളം ഗ്രൂപ്പുകളിലേക്കാണെന്നും എസ്ഐടി കണ്ടെത്തിയിരുന്നു. കാഫിര്‍ സ്‌ക്രീന്‍ഷോട്ട് ജിതിന്‍ ഭാസ്‌കര്‍ ആദ്യം ‘വടകര സ്‌ക്വാഡ്’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലും തുടര്‍ന്ന് ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍ ‘റെഡ് എന്‍കൗണ്ടര്‍’ എന്ന ഗ്രൂപ്പിലും പ്രചരിപ്പിച്ചുവെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ നിഗമനം. ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസ് ജിതിന്‍ ഭാസ്‌കറിലേക്ക് എത്തിയത്. അതേസമയം, സ്‌ക്രീന്‍ ഷോട്ടിന്റെ ബുദ്ധികേന്ദ്രം ജിതിന്‍ ഭാസ്‌കര്‍ അല്ലെന്നാണ് എസ്ഐടിയുടെ നിഗമനം. സ്‌ക്രീന്‍ഷോട്ട് നിര്‍മ്മിക്കാനും പ്രചരിപ്പിക്കാനും ചിലരുടെ പിന്തുണ ലഭിച്ചെന്ന വിവരത്തെ തുടര്‍ന്ന് ഇവരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയാണ് അന്വേഷണ സംഘം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button