News

പൊലീസ് സ്റ്റേഷനുകൾക്ക് ആശ്വാസം; കിടന്നുകിടക്കുന്ന വാഹനങ്ങൾ നീക്കാൻ നീക്കം

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സ്റ്റേഷന്‍ വളപ്പിലും സമീപത്തും വര്‍ഷങ്ങളായി കിടക്കുന്ന വാഹനങ്ങള്‍ നീക്കം ചെയ്യാനായി സർക്കാർ. ഇത്തരത്തില്‍ കെട്ടിക്കിടക്കുന്ന വാഹനങ്ങള്‍ നീക്കം ചെയ്യാനായി “സ്പേസ് ” (Scrap Processing for Area Cleanup and Enhancement- SPACE) എന്ന പേരില്‍ പദ്ധതി നടപ്പാക്കുമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

കേരള പൊലീസ് ഹൗസിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ ലിമിറ്റഡിന്‍റെ (കെ.പി.എച്ച്.സി.സി.) നേതൃത്വത്തില്‍ കേന്ദ്ര പൊതുമേഖല സ്ഥാപനമായ സീറോ (CERO) യുടെ സഹകരണത്തോടെയാണ്’ റീക്ലെയിം, റി ന്യൂ, റിവൈവ്’ എന്ന ടാഗ് ലൈനിലുള്ള പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാന പൊലീസ് മേധാവി ചെയര്‍മാനും കെ.പി.എച്ച്.സി.സി. മാനേജിംഗ് ഡയറക്ടര്‍ അംഗവുമായ സമിതിയാണ് പദ്ധതിക്ക് രൂപം നല്‍കുക.

പൊലീസ് സ്റ്റേഷനുകളില്‍ കെട്ടിക്കിടക്കുന്ന വാഹനങ്ങളുടെ കണക്കെടുപ്പ് നടത്തി സമയബന്ധിതമായി നടപടികള്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഇതിലൂടെ പൊലീസ് സ്റ്റേഷന്‍ പരിസരം ശുചിയാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. വാഹനങ്ങള്‍ കെട്ടിക്കിടക്കുന്നത് പൊതുജനങ്ങള്‍ക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന പരാതി വ്യാപകമായിരുന്നു.

വാഹനങ്ങള്‍ ലേലം ചെയ്യുന്ന ഏര്‍പ്പാട് നിലവിലുണ്ടെങ്കിലും അത് ശാശ്വത പരിഹാരമായിരുന്നില്ല. പദ്ധതി എങ്ങനെ നടപ്പാക്കുമെന്നതു സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ചെയര്‍മാന്‍റെ നേതൃത്വത്തില്‍ തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു. കേരള പോലീസ് ഹൗസിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ (കെ.പി.എച്ച്.സി.സി.) സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button