News

തിരുവനന്തപുരം: മെട്രോ സ്വപ്‌നപദ്ധതി മുന്നോട്ട്; 31 കിലോമീറ്റർ റൂട്ടിനുള്ള ഡിപിആർ രണ്ടാഴ്‌ചയ്ക്കകം സർക്കാരിന് സമർപ്പിക്കും

തലസ്ഥാന നഗരത്തിലെ മെട്രോ പദ്ധതിക്ക് പുതിയ ചലനം. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ തയ്യാറാക്കിയ ഡിപിആർ രണ്ടാഴ്‌ചയ്ക്കുള്ളിൽ സംസ്ഥാന സർക്കാരിന് സമർപ്പിക്കും. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് വഴി സർക്കാരിന് മുന്നിൽ എത്തുന്ന പദ്ധതി അംഗീകരിച്ചാൽ നിർമാണപ്രവർത്തനങ്ങൾ വേഗത്തിൽ ആരംഭിക്കാനാകും.

പാപ്പനംകോട് മുതൽ ഈഞ്ചക്കൽ വരെയുള്ള 31 കിലോമീറ്റർ ദൂരത്തിലാണ് പുതുക്കിയ മെട്രോ പാത നിർദേശിച്ചിരിക്കുന്നത്. മൊത്തം 27 സ്റ്റേഷനുകളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ മൂന്ന് സ്റ്റേഷനുകൾ ഇന്റർചേഞ്ച് സ്റ്റേഷനുകളായിരിക്കും. ഏകദേശം 8,000 കോടി രൂപയാണ് പദ്ധതി ചെലവ് പ്രതീക്ഷിക്കുന്നത്.

ഡിപിആർ സംസ്ഥാന മന്ത്രിസഭ അംഗീകരിച്ചാൽ കേന്ദ്രസർക്കാരിന്റെ അനുമതിക്കും സമർപ്പിക്കും. തുടർന്ന് കേന്ദ്ര–സംസ്ഥാന പങ്കാളിത്തത്തോടെ ഫണ്ടിംഗ് ഘടന തീരുമാനിക്കും. കൊച്ചി മെട്രോ മാതൃകയിൽ 60 ശതമാനം വായ്പയും, 20 ശതമാനം വീതം കേന്ദ്ര–സംസ്ഥാന വിഹിതവുമാകും പരിഗണനയിൽ.

പാപ്പനംകോട്, കരമന, തമ്പാനൂർ, സെക്രട്ടേറിയറ്റ്, പാളയം, മെഡിക്കൽ കോളേജ്, ശ്രീകാര്യം, കഴക്കൂട്ടം, ടെക്‌നോപാർക്ക് ഉൾപ്പെടെ നഗരത്തിന്റെ പ്രധാന മേഖലകൾ ഉൾപ്പെടുത്തി റൂട്ട് രൂപകൽപ്പന ചെയ്തിട്ടുണ്ട്. തിരുവനന്തപുരം വിമാനത്താവളം വരെയും പാത നീളുന്ന തരത്തിലാണ് പദ്ധതി.

നിർമാണം മുഴുവൻ ഉയരപ്പാതയായിരിക്കുമെന്ന് ഡിപിആറിൽ വ്യക്തമാക്കുന്നു. ഭൂഗർഭ പാതയുടെ സാധ്യത പഠിച്ചിരുന്നെങ്കിലും ചെലവ് കൂടുതലാകുന്നതിനാൽ ഉയരപ്പാതയ്ക്കാണ് മുൻഗണന നൽകിയിരിക്കുന്നത്. തലസ്ഥാനത്തിന്റെ ഗതാഗത ഭാവിയെ മാറ്റിമറിക്കുന്ന പദ്ധതിയായി മെട്രോ മാറുമെന്ന പ്രതീക്ഷയിലാണ് സർക്കാർ വൃത്തങ്ങൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button