News

നീറ്റ് പുനഃപരീക്ഷ എഴുതുന്നതിലെ മാനസിക വിഷമം; തമിഴ്നാട്ടിൽ 19 വയസ്സുകാരി ജീവനൊടുക്കി

ചെന്നൈ ∙ കോയമ്പത്തൂരിൽ നീറ്റ് പരീക്ഷയ്ക്കായി തയാറെടുക്കുകയായിരുന്ന വിദ്യാർ‌ഥിനി ജീവനൊടുക്കി. 19 വയസ്സുകാരിയായ അനുങ്കീർത്തനയാണ് മരിച്ചത്. മുൻപ് രണ്ടുതവണ നീറ്റ് പരീക്ഷ എഴുതിയ അനുങ്കീർത്തന, മൂന്നാം തവണയും പരീക്ഷയ്ക്കായി തയാറെടുക്കുകയായിരുന്നു. ചോദ്യ ചോർച്ചയെ തുടർന്ന് വീണ്ടുമൊരു പരീക്ഷ എഴുതേണ്ടി വരുന്നതിലുള്ള മാനസിക വിഷമത്തിലായിരുന്നു പെൺകുട്ടിയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.

മറ്റൊരു പരീക്ഷ കൂടി എഴുതേണ്ടി വരുന്നതിലെ നിരാശയാകാം ജീവനൊടുക്കാൻ കുട്ടിയെ പ്രേരിപ്പിച്ചതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവസ്ഥലത്തുനിന്ന് ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെടുത്തിട്ടില്ലെന്നും മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

മരണവാർത്ത പുറത്തുവന്നതോടെ കോയമ്പത്തൂരിൽ നീറ്റ് പരീക്ഷയ്‌ക്കെതിരെ വൻ പ്രതിഷേധമാണ് രൂപപ്പെട്ടിരിക്കുന്നത്. നീറ്റ് പരീക്ഷ പൂർണമായും ഒഴിവാക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. വിലകൂടിയ സ്വകാര്യ കോച്ചിങ് സെന്ററുകളിൽ പഠിക്കാൻ ശേഷിയുള്ള സമ്പന്നരായ വിദ്യാർഥികൾക്ക് മാത്രമാണ് നീറ്റ് പരീക്ഷ ഗുണം ചെയ്യുന്നതെന്നാണ് തമിഴ്‌നാടിന്റെ പ്രധാന വാദം.

പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകളിൽ മികച്ച വിജയം നേടിയിട്ടും, ദരിദ്ര-ഗ്രാമപ്രദേശങ്ങളിലെ വിദ്യാർഥികൾക്ക് നീറ്റ് പരീക്ഷ വലിയ തിരിച്ചടിയാകുന്നുവെന്ന് സംസ്ഥാന സർക്കാർ ചൂണ്ടിക്കാണിക്കുന്നു. നീറ്റ് പരീക്ഷ നിലവിൽ വരുന്നതിന് മുൻപ്, പന്ത്രണ്ടാം ക്ലാസിലെ മാർക്കിന്റെ മാത്രം അടിസ്ഥാനത്തിലായിരുന്നു തമിഴ്‌നാട്ടിൽ മെഡിക്കൽ പ്രവേശനം. പഴയ രീതി സർക്കാർ സ്കൂളുകളിലെയും ഗ്രാമീണ മേഖലകളിലെയും കുട്ടികൾക്ക് മെഡിക്കൽ വിദ്യാഭ്യാസത്തിനുള്ള അവസരങ്ങൾ വർധിപ്പിച്ചിരുന്നുവെന്നാണ് ഈ സംവിധാനത്തെ അനുകൂലിക്കുന്നവർ പറയുന്നത്.

നീറ്റിൽ നിന്ന് ഇളവ് തേടിക്കൊണ്ട് തമിഴ്‌നാട് നിയമസഭ നേരത്തേ ബിൽ പാസാക്കിയിരുന്നുവെങ്കിലും ഇതിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചിരുന്നില്ല. ഇതേത്തുടർന്നാണ് സംസ്ഥാനത്ത് ദേശീയ പ്രവേശന പരീക്ഷ തുടർന്നുപോന്നത്. എന്നാൽ വിദ്യാർഥിനിയുടെ ആത്മഹത്യ, കടുത്ത മത്സരപരീക്ഷകൾ വിദ്യാർഥികളിൽ ഉണ്ടാക്കുന്ന മാനസിക സമ്മർദങ്ങളെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാക്കിയിരിക്കുകയാണ്. നീറ്റ് പരീക്ഷ നിലവിൽ വന്നതിനുശേഷം തമിഴ്‌നാട്ടിൽ മാത്രം ഇരുപതിലധികം പരീക്ഷാർഥികൾ ആത്മഹത്യ ചെയ്തതായി പരീക്ഷയെ എതിർക്കുന്ന സാമൂഹിക പ്രവർത്തകരും രാഷ്ട്രീയ പാർട്ടികളും ചൂണ്ടിക്കാണിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button